
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ 'ടോം, ഡിക്ക്, ഹാരി' എന്ന് വിളിച്ച് അവഹേളിച്ച സംഭവത്തിൽ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സ് (മുൻപ് ട്വിറ്റർ) കോർപ്പിനെ കർണാടക ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.ഹൈദരാബാദിൽ ഒരു സ്ത്രീ കാറുമായി റെയിൽവേ ട്രാക്കിലൂടെ യാത്ര ചെയ്യുന്ന വീഡിയോ എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയം എക്സിന് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് എക്സ് കോർപ്പിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.ജി. രാഘവൻ, " ടോം, ഡിക്ക്, ഹാരി ഓഫീസർമാർ ഞങ്ങൾക്ക് നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നുഎന്ന് ചോദിച്ചു.
ഈ പരാമർശം ശക്തമായി എതിർത്ത സോളിസിറ്റർ ജനറൽ തുഷാർ മേത്ത, "ഇവർ എല്ലാ അധികാരവുമുള്ള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ്. ഇവരെ 'ടോം, ഡിക്ക്, ഹാരി' എന്ന് പറയുന്നത് അപമാനകരമാണ്. അന്താരാഷ്ട്ര കമ്പനികൾക്ക് ഇത്തരമൊരു അഹങ്കാരം കാണിക്കാനാകില്ല," എന്ന് വ്യക്തമാക്കി.ന്യായാധിപൻ എം. നാഗപ്രസന്നയും ഈ നിലപാട് അംഗീകരിച്ചു. "ഇവർ കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥരാണ്. അങ്ങനെ വിളിക്കുന്നത് ന്യായീകരിക്കാനാവില്ല," അദ്ദേഹം പറഞ്ഞു. കേസിൽ തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് മറുപടി ഫയൽ ചെയ്യാൻ സമയം അനുവദിച്ച് കേസ് മാറ്റിവച്ചു.











