10:02am 15 November 2026
NEWS
കിഫ്ബിയിൽ സിഎജി ഓഡിറ്റ് നേരത്തെ നിരസിച്ചതിൽ ഹൈക്കോടതി വിമർശനം; സമഗ്ര പരിശോധനയ്ക്ക് സർക്കാർ സമ്മതം
15/11/2026  09:02 AM IST
നിയമകാര്യലേഖകൻ
കിഫ്ബിയിൽ സിഎജി ഓഡിറ്റ് നേരത്തെ നിരസിച്ചതിൽ ഹൈക്കോടതി വിമർശനം; സമഗ്ര പരിശോധനയ്ക്ക് സർക്കാർ സമ്മതം

കൊച്ചി — കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) കണക്കുകളിൽ സമഗ്ര ഓഡിറ്റ് നടത്താൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ (സിഎജി) നേരത്തെ അനുവദിക്കാതിരുന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ കേരള ഹൈക്കോടതി വിമർശിച്ചു. പ്രാഥമിക റിപ്പോർട്ടിൽ ഗണ്യമായ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ മുൻ തീരുമാനം ഏറെ ആശങ്കാജനകമാണെന്ന് കോടതി നിരീക്ഷിച്ചു. കിഫ്ബിയുടെ കണക്കുകൾ സിഎജി പരിശോധിക്കുന്നതിന് സർക്കാർ ഇപ്പോൾ സമ്മതം അറിയിച്ചതായും കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി തീർപ്പാക്കുന്നതിനിടെ ഈ നിരീക്ഷണം നടത്തിയത്. കിഫ്ബിക്ക് സർക്കാർ ധനസഹായം നൽകുകയും അതിന്റെ വായ്പകൾക്ക് സർക്കാർ ഗ്യാരന്റി നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ഥാപനത്തിന്റെ കണക്കുകളിലും പ്രവർത്തനത്തിലും സുതാര്യത അനിവാര്യമാണെന്ന് ബെഞ്ച് വ്യക്തമാക്കി.

2024 മാർച്ച് 31-ന് കിഫ്ബിയുടെ വായ്പാ കുടിശ്ശിക 20,041.52 കോടി രൂപ ആയിരുന്നുവെന്ന് സിഎജി സത്യവാങ്മൂലത്തിൽ അറിയിച്ചു. കിഫ്ബി എടുക്കുന്ന വായ്പകളുടെ മുതലും പലിശയും അടയ്ക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന കാര്യവും കോടതി കണക്കിലെടുത്തു.

സിഎജി നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം അക്കൗണ്ടന്റ് ജനറൽ കിഫ്ബിയുടെ വരവും ചെലവും നേരത്തേ പരിശോധിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കണക്കുകൾ സമഗ്രമായി പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതിന് നിയമത്തിലെ മറ്റു വകുപ്പുകൾ പ്രകാരം ഓഡിറ്റ് ചുമതല ഏൽപ്പിക്കണമെന്നും സിഎജി അറിയിച്ചു. ഇതിനായി 2018 മാർച്ചിൽ നൽകിയ അഭ്യർഥന സർക്കാർ നിരസിച്ചിരുന്നു. ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മീഷൻ (എഫ്‌ടിഎസി) വഴി സ്വതന്ത്ര പരിശോധനയും നിരീക്ഷണവും നടക്കുന്നുവെന്നായിരുന്നു അന്നത്തെ സർക്കാർ നിലപാട്. 2019-ൽ സിഎജി രണ്ടുതവണ ആവശ്യം ആവർത്തിച്ചിരുന്നു.

സർക്കാർ ഗ്യാരന്റിയോടെ കിഫ്ബി സമാഹരിക്കുന്ന വായ്പകൾ ബജറ്റിന് പുറത്തുള്ള കടമെടുപ്പായി കണക്കാക്കേണ്ടതാണെന്നും ഭരണഘടനയുടെ 293(3)-ാം അനുച്ഛേദപ്രകാരമുള്ള കടമെടുപ്പ് പരിധി മറികടക്കാൻ ഇത് ഇടയാക്കാമെന്നും ഹർജിക്കാരൻ വാദിച്ചു. കിഫ്ബിയുടെ ബാലൻസ് ഷീറ്റ്, വരവ്, ചെലവ്, വായ്പകൾ, ഗ്യാരന്റികൾ, ബജറ്റിന് പുറത്തുള്ള ബാധ്യതകൾ എന്നിവ ഉൾപ്പെടുത്തി സമഗ്ര ഓഡിറ്റ് നടത്തി കണക്കുകൾ സാക്ഷ്യപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img