
കൊച്ചി: നവകേരള സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാമിന് ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത തിരിച്ചടി.ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പദ്ധതി റദ്ദാക്കിയത്. രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ സർവ്വേ നടത്താൻ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സാമ്പത്തിക നിയമങ്ങളുടെ ലംഘനമാണ് ഈ നടപടിയെന്നും കോടതി നിരീക്ഷിച്ചു.
സർക്കാരിന്റെ വികസന–ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനാഭിപ്രായം ശേഖരിക്കാനുള്ള ശ്രമമെന്ന നിലയ്ക്കായിരുന്നു മുഖ്യമന്ത്രി നവകേരള സർവ്വേ പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി നടപ്പാക്കിയത് പാർട്ടി രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്ന വിമർശനം കോടതി അംഗീകരിക്കുകയായിരുന്നു.
സിപിഎം പ്രവർത്തകരെ ഉപയോഗിച്ചും സർക്കാർ പണം ചെലവഴിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് ശ്രമമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആദിവാസി മേഖലകളിൽ ലഘുലേഖ വിതരണം ചെയ്യാൻ നിർദേശിച്ചതും നിയമവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽഡിഎഫിന്റെ പ്രകടനപത്രികയ്ക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു ഹർജി. പാർട്ടി കേഡർമാർ മുഖേന നടത്തിയ സർവ്വേ തടയണമെന്ന ആവശ്യവും കോടതിയിൽ ഉന്നയിച്ചിരുന്നു. സർവ്വേ ഫണ്ട് വിനിയോഗത്തിൽ വ്യക്തത വരുത്തണമെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി ഇടപെടൽ.











