06:05pm 18 April 2026
NEWS
കാസർഗോഡ് ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യം സർക്കാർ ഗൗരവമായി കാണണമെന്ന് ഹൈക്കോടതി
19/02/2026  05:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കാസർഗോഡ് ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യം സർക്കാർ ഗൗരവമായി കാണണമെന്ന് ഹൈക്കോടതി
HIGHLIGHTS

ഗ്രൗണ്ട് പൊളിക്കാനുള്ള തീരുമാനത്തിൽ കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും

കെസിഎയുടെ വാദം അംഗീകരിച്ച് കോടതി

കൊച്ചി: കാസർഗോഡ് ബദിയടുക്കയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ  നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യമാണെന്നും  സർക്കാർ ഇക്കാര്യം ​ഗൗരവമായി കാണണമെന്നും കേരള ഹൈക്കോടതി. കയ്യേറ്റം ആരോപിച്ച് ഗ്രൗണ്ട് പൊളിച്ചുനീക്കാനുള്ള നീക്കത്തിന് കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. വിഷയത്തിൽ നാല് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് ജസ്റ്റിസ് വിജു എബ്രഹാം നിർദ്ദേശം നൽകി. സർക്കാർ തീരുമാനമെടുക്കുന്നത് വരെ കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കും. നിർമാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കെസിഎ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് ഇറക്കിയത്.

​സർക്കാർ വക 1.09 ഏക്കർ ഭൂമി അസോസിയേഷൻ കയ്യേറിയെന്ന ജില്ലാ കളക്ടറുടെ കണ്ടെത്തൽ ശാസ്ത്രീയമായ സർവ്വേയുടെ അടിസ്ഥാനത്തിലല്ലെന്ന കെ.സി.എയുടെ വാദം കോടതി അംഗീകരിച്ചു. വിവാദമായ ഈ ഭൂമിയിൽ ശാസ്ത്രീയമായി സർവ്വേ നടത്താൻ അസോസിയേഷന് സർക്കാരിനോട് അഭ്യർത്ഥിക്കാം. അത്തരമൊരു അഭ്യർത്ഥനയുണ്ടായാൽ ചുമതലയുള്ള അധികാരി കൃത്യമായി സർവ്വേ നടത്തണമെന്നും അതിന്റെ റിപ്പോർട്ടും സ്കെച്ചും സർക്കാർ നേരിട്ട് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.

​കൂടാതെ, നിർദ്ദിഷ്ട സ്ഥലത്തുണ്ടായിരുന്ന  40 സെൻ്റ് പുറമ്പോക്ക് തോട് നിർമാണത്തിൻ്റെ ഭാഗമായി കയ്യേറിയെന്ന ആരോപണത്തിൽ    സ്ഥലം വാങ്ങുമ്പോൾ നികന്ന ഭൂമിയായിരുന്നുവെന്നും തോട് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും  കെ.സി.എ കോടതിയെ അറിയിച്ചു. തോടിന്റെ ഗതി മാറ്റിയത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടില്ലെന്ന കളക്ടറുടെ റിപ്പോർട്ടും കോടതിയിൽ ചൂണ്ടിക്കാട്ടി. കയ്യേറിയെന്ന് പറയുന്ന 40 സെൻ്റിന് പകരം തുല്യമായ മറ്റൊരു ഭൂമി പഞ്ചായത്തിന് നൽകുകയോ അല്ലെങ്കിൽ പ്രസ്തുത സ്ഥലം പാട്ടത്തിന് എടുക്കുകയോ ചെയ്യാമെന്ന അസോസിയേഷന്റെ നിലപാട് ബദിയടുക്ക പഞ്ചായത്തും പഞ്ചായത്ത് ഡയറക്ടറും നേരത്തെ അംഗീകരിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകണം സർക്കാർ അന്തിമ തീരുമാനമെടുക്കേണ്ടത്. കേരള ക്രിക്കറ്റ് അസോസിയേഷനു വേണ്ടി അഡ്വ. കെ.എൻ. അഭിലാഷ് ഹാജരായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img