
കൊച്ചി: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന പുനർവികസന പദ്ധതിയിൽ നിർണ്ണായക വഴിത്തിരിവ്. ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് കെ-റെയിൽ സംയുക്ത സംരംഭത്തെ ഒഴിവാക്കിയ സതേൺ റെയിൽവേയുടെ നടപടി കേരള ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് രണ്ട് റിട്ട് അപ്പീലുകൾ തള്ളി ഉത്തരവിട്ടത്.
കെ-റെയിലും മേരിമാത ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡും ചേർന്നുള്ള സംരംഭമായ MARYMATHA-KRDCL-ന്റെ സാങ്കേതിക ബിഡ്, അനാവശ്യമായ സാങ്കേതിക കാരണങ്ങൾ (Hyper-technical grounds) മുൻനിർത്തിയാണ് റെയിൽവേ തള്ളിക്കളഞ്ഞത്. എന്നാൽ, ഈ ബിഡ് സ്വീകരിച്ചിരുന്നെങ്കിൽ ഏകദേശം 25 കോടി രൂപയുടെ പൊതുഫണ്ട് ലാഭിക്കാൻ കഴിയുമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
വലിയ തുകയുടെ പൊതുപണം ഉൾപ്പെട്ടിരിക്കുന്ന ഇത്തരം പദ്ധതികളിൽ അധികാരികൾ കൂടുതൽ നീതിപൂർവ്വവും പ്രായോഗികവുമായ സമീപനം സ്വീകരിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. സുതാര്യതയും ആരോഗ്യപരമായ മത്സരവും ഉറപ്പാക്കാനാണ് നടപടിക്രമങ്ങൾ അല്ലാതെ, അർഹരായ ഉദ്യോഗാർത്ഥികളെ വെറും സാങ്കേതികത്വത്തിന്റെ പേരിൽ ഒഴിവാക്കാനുള്ളതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഈ വിധിയോടെ മേരിമാത-കെആർഡിസിഎൽ കൺസോർഷ്യത്തിന് ടെൻഡർ പ്രക്രിയയിൽ തുടർന്നും പങ്കെടുക്കാൻ കളമൊരുങ്ങിയിട്ടുണ്ട്. എങ്കിലും, ഇത് കരാർ ഉറപ്പിച്ചുകൊണ്ടുള്ള വിധിയല്ലെന്നും, ബാധകമായ ടെൻഡർ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ ബിഡ് അന്തിമമായി വിലയിരുത്തപ്പെടുകയുള്ളൂവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.










