
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാംപ്രതിയായ മുഡ ഹൗസിങ് പ്ലോട്ട് അഴിമഴിയെ കുറിച്ച് അന്വേഷണം തുടരാൻ കർണാടക ഹൈക്കോടതി ഇ ഡിയ്ക്ക് അനുമതി നൽകി. മുഡ മുൻ കമ്മീഷണർ ഡി.ബി.നടേഷിന്റെ വസതിയും ഓഫീസും റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്ത ഇ ഡിയുടെ നടപടി ജനവരി 27 ലെ ഉത്തരവിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ഇ ഡി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. തങ്ങൾ പുറപ്പെടുവിച്ച സമൻസുകൾ വിവിധ കോടതികൾ സ്റ്റേ ചെയ്തിരുന്നു, അതിനാൽ അന്വേഷണം തുടരാനാകുന്നില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഇ ഡി ആവശ്യപ്പെട്ടത്. എന്നാൽ കേസ് അന്വേഷണം തുടരാൻ അനുമതി നൽകിയ ചീഫ് ജസ്റ്റിസ് എൻ വി അൻജാറിയ തലവനായ ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ കൂട്ടാക്കിയില്ല. പക്ഷെ അന്വേഷണത്തിനിടയിൽ ശേഖരിച്ച രേഖകളും മൊഴികളും തുടർന്നുള്ള അന്വേഷണത്തിൽ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ലോകായുക്ത പോലീസിന്റെ അന്തിമ റിപ്പോർട്ട് സ്വീകരിക്കുന്നതിനെതിരെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ ഇ ഡി തടസ്സഹരജി നൽകിയിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ലോകായുക്ത പോലീസ് മുഡ കേസ് അന്വേഷിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ ഭാര്യ പാർവ്വതി, ഭാര്യാസഹോദരൻ മല്ലികാർജ്ജുന സ്വാമി, ഭൂവുടമ ദേവരാജു എന്നീ നാലുപ്രതികൾക്കും ക്ലീൻ ചിട്ട് നൽകുന്ന റിപ്പോർട്ടാണ് ലോകായുക്ത പോലീസ് പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇ ഡിയുടെ സമാന്തര അന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിച്ചു. ഒട്ടേറെ സുപ്രധാന തെളിവുകൾ കണ്ടെത്തിയിട്ടും അതൊന്നും ലോകായുക്ത പോലീസ് പരിഗണിച്ചിരുന്നില്ലെന്നും ഇ ഡി തടസ്സഹരജിയിൽ പറയുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടു എന്നു കരുതപ്പെട്ടിരുന്ന മുഡ കേസ് വീണ്ടും സങ്കീർണ്ണമാവുകയാണ്.
Photo Courtesy - Google











