07:08am 10 November 2026
NEWS
പാർട്ടിയ്ക്കകത്തെ പ്രശ്നങ്ങളിൽ ഹൈക്കമാണ്ടിന് അതൃപ്തി; മുഖ്യമന്ത്രി സിദ്ധരാമയ്യ കെ സി വേണുഗോപാലിനെ കണ്ടു
26/06/2025  11:15 AM IST
വിഷ്ണുമംഗലം കുമാർ
പാർട്ടിയ്ക്കകത്തെ പ്രശ്നങ്ങളിൽ ഹൈക്കമാണ്ടിന് അതൃപ്തി; മുഖ്യമന്ത്രി സിദ്ധരാമയ്യ കെ സി വേണുഗോപാലിനെ കണ്ടു

ബംഗളുരു:  കർണാടകത്തിലെ ഭരണകക്ഷി എംഎൽഎമാരും നേതാക്കളും ഗവണ്മെന്റിനെ പരസ്യമായി വിമർശിക്കുന്നതിൽ ഹൈക്കമാണ്ടിന് കടുത്ത അതൃപ്തി. ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അത് നേരിട്ട് പ്രകടിപ്പിച്ചു. പ്രശ്നങ്ങളും പരാതികളും ഉടനടി പരിഹരിച്ച് അച്ചടക്കം ഉറപ്പുവരുത്താൻ വേണുഗോപാൽ മുഖ്യമന്ത്രിയ്ക്ക് നിർദ്ദേശം നൽകി. സംസ്ഥാനഭരണം സ്തംഭനാവസ്ഥയിലാണെന്നും വികസന പ്രവർത്തനങ്ങൾ ഒന്നുംതന്നെ നടക്കുന്നില്ലെന്നുമാണ് ചില കോൺഗ്രസ്‌ എംഎൽഎമാർ പരസ്യമായി ഉയർത്തുന്ന വിമർശനം. സ്വന്തം മണ്ഡലങ്ങളിലെ വോട്ടർമാരെ അഭിമുഖീകരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് അവർ പരാതിപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള ശീതസമരം, ആഭ്യന്തരമന്ത്രി ഡോക്ടർ ജി.പരമേശ്വരയുടെ അതൃപ്തി എന്നിവയും ഗവണ്മെന്റിന്റെ പ്രതിഛായ കളങ്കപ്പെടുത്തുന്നുണ്ട്. പാർട്ടിയ്ക്കകത്തുനിന്നുള്ള പരസ്യപ്രസ്താവനകൾ തുടർന്നതോടെ പ്രതിപക്ഷം ഗവണ്മെന്റിനെ കടന്നാക്രമിക്കാൻ തുടങ്ങി.  "ഭരണം തികഞ്ഞ പരാജയമാണെന്ന് കോൺഗ്രസുകാർ തന്നെ പരാതിപ്പെടുമ്പോൾ കാര്യങ്ങളുടെ കിടപ്പ് ജനങ്ങൾക്ക് ബോധ്യമാകുന്നുണ്ട്. ഭരണ രംഗത്ത് അടിമുടി അഴിമതിയും കെടുകാര്യസ്ഥതയുമാണ്. ഭരണത്തിലേറി രണ്ടുവർഷമായിട്ടും നിലവിലുണ്ടായിരുന്ന വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ പോലും ഗവണ്മെന്റിന് സാധിച്ചിട്ടില്ല. പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനുമാവുന്നില്ല. സകലതിനും വിലകൂട്ടി നികുതി പിരിച്ചും വായ്പയെടുത്തും സ്വരുക്കൂട്ടുന്ന പണം ക്ഷേമപ്രവർത്തനങ്ങളുടെ മറവിൽ നേതാക്കൾ പങ്കിട്ടെടുക്കുകയാണ്. പങ്കുകിട്ടാത്തവരാണ് വിലപിക്കുന്നത് " പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. പരാതിക്കാരായ എം എൽ എ മാരെ കണ്ട് അവരുടെ ആവലാതികൾ എത്രയും വേഗം പരിഹരിക്കണമെന്ന് വേണുഗോപാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, കർണാടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സുർജെ വാല എന്നിവരെയും സിദ്ധരാമയ്യ സന്ദർശിച്ചു. നിയമ നിർമ്മാണ കൗൺസിലിലേക്ക് മത്സരിക്കേണ്ട സ്ഥാനാർത്ഥികളെ രാഹുൽ ഗാന്ധി വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം തീരുമാനിക്കാമെന്ന് വേണുഗോപാൽ സിദ്ധരാമയ്യയെ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img