08:12am 23 October 2026
NEWS
സിദ്ധരാമയ്യയ്ക്ക് ഹൈക്കമാണ്ട് ഷോക്ക്; എംഎൽസി സ്ഥാനാർത്ഥിപ്പട്ടിക തടഞ്ഞു, മന്ത്രിസഭാപുനസംഘടനയ്ക്കും അനുമതിയില്ല
01/07/2025  11:06 AM IST
വിഷ്ണുമംഗലം കുമാർ
സിദ്ധരാമയ്യയ്ക്ക് ഹൈക്കമാണ്ട് ഷോക്ക്; എംഎൽസി സ്ഥാനാർത്ഥിപ്പട്ടിക തടഞ്ഞു, മന്ത്രിസഭാപുനസംഘടനയ്ക്കും അനുമതിയില്ല

ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ വ്രണിതഹൃദയനാണ്. ഇത്തവണത്തെ ഡൽഹിയാത്ര അദ്ദേഹത്തിന് അത്ര സുഖകരമായ അനുഭവങ്ങളല്ല സമ്മാനിച്ചത്. രാഷ്‌ട്രപതിയെയും ധനമന്ത്രി നിർമ്മല സീതാരാമനെയും അദ്ദേഹം സന്ദർശിച്ചിരുന്നു. കോൺഗ്രസ്സ് ഹൈക്കമാണ്ടിൽ മല്ലികാർജ്ജുന ഖാർഗെ, കെ സി വേണുഗോപാൽ, രൺദീപ് സുർജെവാല എന്നിവരെയാണ് അദ്ദേഹം കണ്ടത്. രാഹുൽ ഗാന്ധി വിദേശത്തായിരുന്നു. സോണിയാഗാന്ധി വിശ്രമത്തിലും. ഹൈക്കമാണ്ടിൽ സിദ്ധരാമയ്യയ്ക്ക് ഏറ്റവും അടുപ്പം രാഹുൽഗാന്ധിയുമായാണ്. സിദ്ധരാമയ്യയുടെ എളിമയും പ്രവർത്തനശൈലിയും 'അഹിന്ദ' താല്പര്യവും  രാഹുലിന് ഇഷ്ടമാണ്. മാത്രവുമല്ല രാഹുലിന്റെ താല്പര്യങ്ങൾ സിദ്ധരാമയ്യ കർണാടകത്തിൽ കണ്ടറിഞ്ഞ് സഫലീകരിക്കാറുണ്ട്. 2023ൽ കോൺഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള അവകാശവാദവുമായി സിദ്ധരാമയ്യയെക്കാൾ മുന്നിൽ ഡി കെ ശിവകുമാർ ഉണ്ടായിരുന്നു. ഡി കെയെ മുഖ്യമന്ത്രിയാക്കാനായിരുന്നു സോണിയാഗാന്ധിയുടെ താല്പര്യം. സോണിയയുമായി വ്യക്തിപരമായി അടുപ്പമുള്ള ഡി കെ അതിനായി അതിശക്തമായി സമ്മർദ്ദം ചെലുത്തിയിരുന്നു. രാഹുലിന്റെ ഉറച്ച നിലപാടാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിക്കസേരയിൽ പ്രതിഷ്ഠിക്കാൻ ഹൈക്കമാണ്ടിനെ നിർബന്ധിതമാക്കിയത്. നിയമസഭാകക്ഷിയിൽ ഭൂരിപക്ഷപിന്തുണയും സിദ്ധരാമയ്യയ്ക്കായിരുന്നു. രണ്ടരവർഷത്തിന് ശേഷം മുഖ്യമന്ത്രിപദവി ശിവകുമാറിന് കൈമാറണമെന്ന ഒരു അഖിലിത രഹസ്യധാരണ ഉണ്ടെന്നും ഇല്ലെന്നും പറയപ്പെടുന്നുണ്ട്. ഹൈക്കമാണ്ടോ സിദ്ധരാമയ്യയോ അത് സ്ഥിരീകരിച്ചിട്ടില്ല. അത്തരം ധാരണയൊന്നുമില്ല എന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. എന്നാൽ രണ്ടരവർഷം പൂർത്തിയാകാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഉപമുഖ്യമന്ത്രിപദവിയും പിസിസി അധ്യക്ഷസ്ഥാനവും ഒന്നിച്ചുവഹിക്കുന്ന ശിവകുമാർ എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ നൽകുന്ന സൂചന. ഇക്കൊല്ലം നവംബറിൽ രണ്ടരകൊല്ലം പൂർത്തിയാകും. നവമ്പറിലോ അതിന് മുമ്പായോ ഭരണരംഗത്ത് വിപ്ലവം നടക്കുമെന്ന് സിദ്ധരാമയ്യയുടെ വിശ്വസ്തനായ സഹകരണ മന്ത്രി കെ എൻ രാജണ്ണ പറഞ്ഞത് സിദ്ധരാമയ്യയ്ക്ക് ഹൈക്കമാണ്ടിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണെന്ന് കരുതപ്പെടുന്നു. നിയമ നിർമ്മാണ കൗൺസിലിൽ കോൺഗ്രസ്സിന് ജയിക്കാവുന്ന നാലൊഴിവുകളുണ്ട്. അതിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക സിദ്ധരാമയ്യ തയ്യാറാക്കിയിരുന്നു. ദളിത് നേതാവ് ഡി ജി സാഗർ, മുതിർന്ന മാധ്യമപ്രവർത്തകൻ ദിനേഷ് അമിൻ മട്ടു, കോൺഗ്രസ്സിന്റെ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി രമേഷ് ബാബു, കർണാടക എൻ ആർ ഐ ഫോറം ഉപാധ്യക്ഷ ആരതി കൃഷ്ണ എന്നിവരാണ് പട്ടികയിലുള്ളത്. സാഗർ       ഖാർഗെയുടെ നോമിനിയാണ്. പലവട്ടം പലരുമായി ചർച്ച നടത്തിയാണ് സിദ്ധരാമയ്യ പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. ഖാർഗെയും സുർജെവാലയും അംഗീകരിച്ച പട്ടിക രാജ്ഭവനിലേക്ക് അയച്ചിരുന്നു. എന്നാൽ പട്ടിക മരവിപ്പിക്കാൻ രാജ്ഭവനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം. രാഹുൽ ഗാന്ധി തിരിച്ചെത്തിയ ശേഷം തീരുമാനിക്കാമെന്നാണ് നേതൃത്വം സിദ്ധരാമയ്യയെ അറിയിച്ചത്. മന്ത്രിസഭാവികസനം എന്ന  ആവശ്യവും ഹൈക്കമാണ്ട് തള്ളിയത് ഒട്ടൊന്നുമല്ല സിദ്ധരാമയ്യയെ നിരാശപ്പെടുത്തിയത്. ഒക്ടോബർ വരെ മന്ത്രിസഭയിൽ മാറ്റങ്ങളൊന്നും വേണ്ടെന്നാണ് ഹൈക്കമാണ്ട് നിർദ്ദേശം നൽകിയത്. നേതൃമാറ്റത്തിന് ഹൈക്കമാണ്ട് തയ്യാറെടുക്കുന്നതിന്റെ സൂചനയായി അത് വ്യാഖ്യാനിക്കാവുന്നതാണ്. ബംഗളുരുവിലെത്തിയ രൺദീപ് സുർജെവാല വിമർശനസ്വരം പരസ്യമായി ഉയർത്തിയവരും എതിർപ്പുള്ളവരുമായ എം എൽഎമാരെ പ്രത്യേകം പ്രത്യേകം കണ്ട് അവരുടെ മനസ്സറിയാനുള്ള പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. മൂന്നു ദിവസം ബംഗളുരുവിൽ തങ്ങുന്ന സുർജെവാല എംഎൽഎമാരെയും പ്രമുഖ നേതാക്കളെയും കണ്ട് തയ്യാറാക്കുന്ന റിപ്പോർട്ട് പരിഗണിച്ചാവും നേതൃമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഹൈക്കമാണ്ട് തീരുമാനമെടുക്കുക. രാഷ്ട്രീയസാഹചര്യം സിദ്ധരാമയ്യയ്ക്ക് അത്ര അനുകൂലമല്ലെന്നുള്ള സൂചനകളാണ് വരുന്നത്.അദ്ദേഹത്തിന്റെ സ്വാധീനവും വിലപേശൽശക്തിയും കുറഞ്ഞുവരികയാണ്. രാഹുൽഗാന്ധി വീണ്ടും സിദ്ധരാമയ്യയുടെ രക്ഷയ്‌ക്കെത്തുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img