06:01pm 11 November 2026
NEWS
കെപിസിസിയുമായി സഹകരിക്കാൻ വി ഡി സതീശനോട് നിർദ്ദേശിച്ച് കോൺ​ഗ്രസ് ഹൈക്കമാൻഡ്
29/10/2025  09:17 AM IST
nila
കെപിസിസിയുമായി സഹകരിക്കാൻ വി ഡി സതീശനോട് നിർദ്ദേശിച്ച് കോൺ​ഗ്രസ് ഹൈക്കമാൻഡ്

പാർട്ടി സംസ്ഥാന നേതൃത്വവുമായി സകരിച്ച് പ്രവർത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് നിർദ്ദേശിച്ച് കോൺ​ഗ്രസ് ഹൈക്കമാൻഡ്. കേരളത്തിലെ പാർട്ടിയിൽ ആഭ്യന്തര കലഹം കഠിനമാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ നിർണായക ഇടപെടൽ.  അച്ചടക്കലംഘനം അംഗീകരിക്കാനാകില്ലെന്നും, പാർട്ടിയുടെ ഐക്യം നിലനിർത്തണമെന്നും കോൺ​ഗ്രസ് ദേശീയ നേതൃത്വം സതീശനോട് വ്യക്തമാക്കി.

കെപിസിസി പരിപാടികളിൽ നിന്ന് സതീശൻ വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ഇടപെടൽ ശക്തമാക്കിയത്. സംഘടനാ പുനഃസംഘടനയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുമെന്ന് ഹൈക്കമാൻഡ് ഉറപ്പുനൽകി. അതേസമയം, തർക്കം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. 

അതേസമയം, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്കും കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമാർക്കും എതിരെ സതീശൻ ഹൈക്കമാൻഡിനോട് പരാതിപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വർക്കിംഗ് പ്രസിഡണ്ടുമാരെ "കെപിസിസി പ്രസിഡന്റിന്റെ പ്രതിനിധികൾ" ആണെന്ന സതീശന്റെ പരാമർശം പാർട്ടിക്കകത്ത് വീണ്ടും ചർച്ചയാകുന്നു.

ഡൽഹിയിൽ നടന്ന ദീർഘമായ ചർച്ചകളിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പങ്കെടുത്തു. ചർച്ചകൾ "ഫലപ്രദവും പോസിറ്റീവുമായിരുന്നു" എന്ന് കെ. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് പാർട്ടി പ്രവർത്തനം കൂടുതൽ ഏകോപിപ്പിക്കണമെന്നും, ഭരണവിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമായി ഉപയോഗപ്പെടുത്തണമെന്നും ഹൈക്കമാൻഡ് നിർദേശിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനങ്ങളും യോഗത്തിൽ ഉയർന്നു — വയനാട് ഡിസിസി അധ്യക്ഷ നിയമനത്തിൽ കൂടിയാലോചന നടന്നില്ലെന്നും, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ ജനറൽ സെക്രട്ടറിമാരാക്കി എന്നും ചിലർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img