
ബംഗളുരു: കോൺഗ്രസ്സ് ഭരിക്കുന്ന കർണാടകത്തെ പിടിച്ചുകുലുക്കുന്ന സംഭവമാണ് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉൾപ്പെടുത്തി പ്രചരിപ്പിച്ച സ്റ്റിംഗ് ഓപ്പറേഷൻ വിഡിയോ. ഒളി ക്യാമറ ഓപ്പറേഷനിലൂടെ ഷൂട്ട് ചെയ്ത് വിഡിയോ കാട്ടിയാണ് നാലരമാസം മുമ്പ് സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ആരോപിച്ചത് കേന്ദ്രമന്ത്രി കുമാരസ്വാമിയാണ്. അതാകട്ടെ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ചു. സിദ്ധരാമയ്യ കോടതിയെ സമീപിച്ച് അത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നതിരെ സ്റ്റേ സമ്പാദിച്ചതോടെയാണ് കുമാരസ്വാമിയുടെ ആരോപണത്തിന് വിശ്വാസ്യത കൈവന്നത്. സൈബർ ക്രൈം പോലീസ് അതേപ്പറ്റി അന്വേഷിച്ചുവരികയാണ്.
വിവാദ വീഡിയോകൾക്ക് പിന്നിലെ മുഖ്യസൂത്രധാരനെ കണ്ടെത്താൻ സൈബർ ക്രൈം പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ 21 പേരെ ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായിട്ടില്ല.വീഡിയോകൾ നിർമ്മിച്ചതും പ്രചരിപ്പിച്ചതും ആരാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചനയും ലക്ഷ്യവും എന്താണെന്നും കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. വീഡിയോകൾ അപ്ലോഡ് ചെയ്തതായി ആരോപിക്കപ്പെടുന്ന യൂട്യൂബ് ചാനലും അന്വേഷണ പരിധിയിലാണ്. സമാനമായ വീഡിയോകൾ പ്രചരിപ്പിക്കാനും കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാനും ആസൂത്രിത ശ്രമം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചും സംശയിക്കുന്നവരെ ചോദ്യം ചെയ്തുമാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ, ഓപ്പറേഷന്റെ മുഖ്യസൂത്രധാരനെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.
Photo Courtesy - Google










