
ബംഗളുരു: ഒളി ക്യാമറ ഓപ്പറേഷൻ വിവാദമുയർത്തി കർണാടക രാഷ്ട്രീയത്തിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ച കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി ഉടനെ രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങുമെന്ന വാർത്ത ശക്തമാണ്. അക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉപമുഖ്യമന്ത്രി ഡോക്ടർ ജി പരമേശ്വരയുടെ പ്രതികരണം ഇങ്ങനെ: "വരട്ടെ അതിനെന്താ.സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിൽനിന്ന് അദ്ദേഹത്തെ തടയാൻ ആർക്കും കഴിയില്ല" എന്നാൽ നിലവിലെ സ്റ്റിങ് ഓപ്പറേഷൻ വിവാദം ആരോഗ്യകരമായ രാഷ്ട്രീയ സംഭവവികാസമല്ലെന്ന് അദ്ദേഹം പറഞ്ഞു."2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ആര് അധികാരത്തിലെത്തുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. ജനങ്ങളാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്" പരമേശ്വര വ്യക്തമാക്കി.സ്റ്റിങ് ഓപ്പറേഷൻ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഡി കെ ശിവകുമാർ, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രിമാർ, മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവർക്കിടയിൽ തുടരുന്ന പരസ്യമായ ആരോപണപ്രത്യാരോപണങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ പ്രസ്താവനകൾ നടത്തുമ്പോൾ സംയമനം പാലിക്കണം. വിവാദത്തെക്കുറിച്ച് എല്ലാവരും തുടർച്ചയായി പരസ്യപ്രതികരണങ്ങൾ നടത്തുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വിവാദത്തിൽ സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും പരമേശ്വര പറഞ്ഞു. സർക്കാരിന്റെ നിലപാടും തുടർനടപടികളും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വിവാദത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ നേതൃമാറ്റമുണ്ടാകുമെന്നും ദളിത് നേതാവ് മുഖ്യമന്ത്രിയാകുമെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് പരമേശ്വര പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo Courtesy - Google










