03:22pm 24 October 2026
NEWS
ഒളിക്യാമറ വിവാദം: സ്വന്തം പാർട്ടിയിലെ ചിലർക്കും പങ്കുണ്ടെന്ന് യതീന്ദ്ര സിദ്ധരാമയ്യ.
24/10/2026  12:38 PM IST
വിഷ്ണുമംഗലം കുമാർ
ഒളിക്യാമറ വിവാദം:  സ്വന്തം പാർട്ടിയിലെ ചിലർക്കും പങ്കുണ്ടെന്ന് യതീന്ദ്ര സിദ്ധരാമയ്യ


ബംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ടുള്ള വിവാദ സ്റ്റിങ് ഓപ്പറേഷനു പിന്നിൽ കോൺഗ്രസിലെ ചിലർക്കും പങ്കുണ്ടെന്ന സൂചനകൾ പുറത്തുവന്നതായി നഗരവികസന മന്ത്രിയും സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര ആരോപിച്ചു. പിതാവിന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനും അദ്ദേഹത്തെ ബ്ലാക്ക്‌മെയിൽ ചെയ്യാനുമാണ് നീക്കം നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 
വീഡിയോയിൽ കോൺഗ്രസ് നേതാക്കളിൽ ചിലരുടെയും ഒരു മുതിർന്ന മാധ്യമപ്രവർത്തകന്റെയും പങ്ക് സൂചിപ്പിക്കുന്നുണ്ടെന്ന് യതീന്ദ്ര പറഞ്ഞു. എന്നാൽ, ഇവർ സ്വന്തം നിലയിലാണോ പ്രവർത്തിച്ചതെന്നും മറ്റാരുടെയെങ്കിലും നിർദേശപ്രകാരമാണോ സ്റ്റിങ് ഓപ്പറേഷൻ നടത്തിയതെന്നും അന്വേഷണം വ്യക്തമാക്കണം. ആരെയും വ്യക്തിപരമായി സംശയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുത്തൂർ നിയമസഭാ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റ് ലഭിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ടാകാം സ്റ്റിങ് ഓപ്പറേഷൻ നടത്തിയതെന്ന പ്രാഥമിക സംശയവും യതീന്ദ്ര ഉന്നയിച്ചു. എന്നാൽ, ഒരു പാർട്ടി പ്രവർത്തകന്റെ പങ്ക് സംശയിക്കപ്പെടുന്നതിന്റെ പേരിൽ കോൺഗ്രസ് ഒന്നടങ്കം ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ഇത്തരം ആരോപണങ്ങൾ നേരിടേണ്ടിവന്നത് പിതാവിനെ വേദനിപ്പിച്ചിട്ടുണ്ടെന്ന് യതീന്ദ്ര പറഞ്ഞു. സംഭവത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സ്റ്റിങ് ഓപ്പറേഷനു പിന്നിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് പങ്കുണ്ടെന്ന കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം ശിവകുമാർ നിഷേധിച്ചിട്ടുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. സ്റ്റിങ് ഓപ്പറേഷനു പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ അന്വേഷണത്തിലൂടെ സ്ഥിരീകരിച്ച കണ്ടെത്തലുകളൊന്നും പുറത്തുവന്നിട്ടില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img