01:36am 05 September 2026
NEWS
നഗരവികസനത്തിനും മാലിന്യ സംസ്കരണത്തിനും ഏകോപനത്തോടെ പ്രവർത്തിക്കണം ഹൈബി ഈഡൻ
03/03/2026  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നഗരവികസനത്തിനും മാലിന്യ സംസ്കരണത്തിനും ഏകോപനത്തോടെ പ്രവർത്തിക്കണം ഹൈബി ഈഡൻ
HIGHLIGHTS

കൊച്ചി നഗരസഭയുടെ വികസന സെമിനാർ ഹൈബി ഈഡൻ എം പി ഉദ്‌ഘാടനം ചെയ്യുന്നു.

കൊച്ചി: തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ  മാലിന്യ സംസ്കരണത്തിലും നഗരവികസനത്തിലും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ഹൈബി ഈഡൻ എംപി. കൊച്ചിയിൽ വരുന്ന ഒരാളും കൊതുകുകടി കൊള്ളാതെ  പോകുന്നില്ല. ഈ അവസ്‌ഥയ്‌ക്ക് മാറ്റമുണ്ടാകണം. ഇതിനായി ശുചിമുറി മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും നടപടിവേണം. നഗരവികസനത്തിനും ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിനും  രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവർത്തിക്കണമെന്ന് ഹൈബി ഈഡൻ ആഹ്വാനം ചെയ്തു. കൊച്ചി നഗരസഭയുടെ വികസനസെമിനാർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനന്തമായ സാധ്യതകളുള്ള നഗരമാണ് കൊച്ചി. എത്ര സർക്കാർകെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് ഓഡിറ്റ് നടത്തണം. വികസന ആശയം എന്നത് അടിസ്‌ഥാന സൗകര്യ വികസനം എന്നതിനൊപ്പം അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കുമൊക്കെ അത് പ്രാപ്യമാക്കുകയെന്ന ലക്‌ഷ്യം കൂടിയുണ്ടെന്ന് ഹൈബി പറഞ്ഞു. നഗരത്തിന്‍റെ പല പ്രദേശങ്ങളിലും ഒരുവെള്ളം കയറുന്നത് വെല്ലുവിളിയാണ്. ശാസ്ത്രീയ പഠനം വിലയിരുത്തി ഇതിനു പരിഹാരമുണ്ടാക്കണം. സാധ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് കൃത്യമായ ആസൂത്രണത്തോടെ  നഗരവികസനം സാധ്യമാക്കണം. പെരുകുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ നടപടി വേണം. ബഡ്‌ജറ്റിലൂടെ ഒട്ടേറെ പുതിയ ആശയങ്ങൾ അവതരിപ്പിച്ചതിൽ ഭരണസമിതിയെ അഭിനന്ദിക്കുന്നതായും ഹൈബി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും കേട്ട ശേഷം പ്രൊഫഷണലായി തയാറാക്കിയ ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. മേയർ അഡ്വ. വി കെ മിനിമോൾ അധ്യക്ഷത വഹിച്ചു. വെള്ളക്കെട്ട് നിവാരണ പദ്ധതിയിൽ ഏറെ മുന്നോട്ട് പോകാനുണ്ടെന്നും  സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കുമായി പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും മേയർ പറഞ്ഞു. ശുചിമുറി മാലിന്യം ശരിയായ രീതിയിൽ സംസ്ക്കരിക്കാൻ ശാശ്വത പരിഹാരം ഉണ്ടാക്കും. ജനങ്ങൾക്ക് സ്വസ്‌ഥമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും മേയർ പറഞ്ഞു. 
ഡെപ്യുട്ടി മേയർ ദീപക് ജോയ് മുഖ്യപ്രഭാഷണം നടത്തി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി എസ് സെയ്ഫുദീൻ പദ്ധതി വിശദീകരണം നടത്തി. സ്‌ഥിരം സമിതി അധ്യക്ഷന്മാരായ ആന്റണി പൈനുതറ, സീന ടീച്ചർ, ടി കെ അഷ്‌റഫ്, അഡ്വ.പി എം നസീമ, കെ എ മനാഫ്, ജിസ്‌മി ജെറാൾഡ്, പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്, കൗൺസിലർ സുധ ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു. വികസനകാര്യ സ്‌ഥിരം സമിതി അധ്യക്ഷ ഷാകൃത സുരേഷ്ബാബു സ്വാഗതവും നഗരസഭ സെക്രട്ടറി പി എസ് ഷിബു നന്ദിയും പറഞ്ഞു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img