
എഞ്ചിൻ തകരാറിനെ തുടർന്ന് കൊച്ചി - ഡൽഹി എയർ ഇന്ത്യ വിമാനം ടേക്ക് ഓഫീന് തൊട്ടുമുമ്പ് റദ്ദാക്കി. ഇന്നലെ രാത്രി 10.34 ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. തുടർന്ന് ഇന്നു പുലർച്ചെ 2.44നാണ് യാത്രക്കാരുമായി പകരം വിമാനം പറന്നുയർന്നത്. ഇന്നു രാവിലെ 5.33നാണ് വിമാനം ഡൽഹി വിമാനത്താവളത്തിലെത്തിയത്.
കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം 504 റൺവേയിൽ നിന്ന് തെന്നി മാറിയതായി സംശയിക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി ഫെയ്സ്ബുക്കിൽ കുറിച്ചതോടെയാണ് ആശങ്ക പുറത്തറിഞ്ഞത്. വിമാനത്തിൻറെ ടേക്ക് ഓഫ് വൈകുകയാണെന്നും വിമാനത്തിന് എന്തോ അസ്വഭാവികമായി തോന്നിയെന്നുമാണ് ഹൈബി ഈഡൻ എംപി ഫെയ്സ്ബുക്കിലൂടെ പങ്ക് വെച്ചത്. പിന്നാലെയാണ് എഞ്ചിൻ തകരാറെന്ന് ക്രൂ വിശദീകരിച്ചത്. എഞ്ചിൻ തകരാർ സ്ഥിരീകരിച്ചെങ്കിലും വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയിട്ടില്ലെന്ന് കൊച്ചി വിമാനത്താവള കമ്പനിയായ സിയാൽ വ്യക്തമാക്കി.











