11:56pm 16 June 2026
NEWS
കൊച്ചി കനാൽ നവീകരണ പദ്ധതി പ്രവൃത്തികൾ വേഗത്തിലാക്കി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി ഹൈബി ഈഡൻ എം.പി
16/06/2026  07:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി കനാൽ നവീകരണ പദ്ധതി പ്രവൃത്തികൾ വേഗത്തിലാക്കി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി ഹൈബി ഈഡൻ എം.പി
HIGHLIGHTS

അവലോകന യോഗത്തിൽ ഹൈബി ഈഡൻ എം പി സംസാരിക്കുന്നു

കൊച്ചി : ബണ്ട് റോഡ് പാലം നവംബറിൽ പൂർത്തിയാകും.കൊച്ചി നഗരത്തിലെ ചരിത്രപ്രസിദ്ധമായ ജലപാതകളെ പുനരുജ്ജീവിപ്പിക്കുകയും ആധുനിക നഗര ഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം (IURWTS) പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കനാൽ നവീകരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഹൈബി ഈഡൻ എം.പി.യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പെരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ് എന്നീ ആറ് കനാലുകൾ വീതികൂട്ടി, ആഴം വർധിപ്പിച്ച്, ജലയാത്രയ്ക്ക് അനുയോജ്യമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൊച്ചിയുടെ പഴയ ജലഗതാഗത പ്രതാപം വീണ്ടെടുക്കുന്നതിനും നഗരത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനും ഗതാഗത സൗകര്യ വികസനത്തിനും പദ്ധതി നിർണായകമാണെന്ന് എംഎൽഎ മാരായ റ്റി.ജി വിനോദ്, ഉമ തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ കൊച്ചി മെട്രോ കോർപ്പറേറ്റ് ഓഫീസിൽ ചേർന്ന യോഗം വിലയിരുത്തി.

ബണ്ട് റോഡ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികളിലെ കാലതാമസത്തിൽ എം.പി.യും എം.എൽ.എമാരും ശക്തമായ ആശങ്ക രേഖപ്പെടുത്തി. പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമായി വിലയിരുത്തിയ ശേഷം, പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ കരാറുകാരനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനും  ഹൈബി ഈഡൻ ശക്തമായ നിർദേശം നൽകി. കരാറുകാരൻ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ ഉദ്ഘാടനം നവംബർ ഒന്നാം തിയതി നടത്തുന്നതിനാണ് യോഗത്തിൽ ധാരണയായി.

മാർക്കറ്റ് കനാൽ നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും യോഗം പരിശോധിച്ചു. പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിനായി ടെൻഡറിൽ പങ്കെടുത്ത ബിഡറുമായി ചർച്ച നടത്തി മുന്നോട്ടുപോകാൻ കെ.എം.ആർ.എല്ലിനോട് ഹൈബി ഈഡൻ നിർദേശിച്ചു. കാലതാമസം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.

തേവര കനാലിന് കുറുകെയുള്ള കല്ലുപാലം പാലം പദ്ധതിയുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു. പദ്ധതിക്കായുള്ള ഫണ്ടിംഗ് അനുമതി നേടുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് 2025 നവംബറിൽ തന്നെ സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കെ.എം.ആർ.എൽ അറിയിച്ചു. സാമൂഹികാഘാത പഠന,  സർവേ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ഏജൻസിക്ക് ഹൈബി ഈഡൻ എം.പി. നിർദേശം നൽകി.

കോന്തുരുത്തി കനാൽ നവീകരണവുമായി ബന്ധപ്പെട്ട് ആവശ്യമായ ഭൂമി കൊച്ചി കോർപ്പറേഷൻ ഔദ്യോഗികമായി കെ.എം.ആർ.എല്ലിന് കൈമാറിയ ഉടൻ വിശദമായ സർവേ നടപടികൾ ആരംഭിച്ച് ഡി.പി.ആർ. തയ്യാറാക്കി ഫണ്ടിംഗ് അനുമതിക്കായി സമർപ്പിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു. ഭൂമി കൈമാറ്റ നടപടികൾ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത യോഗം ചൂണ്ടിക്കാട്ടി.

 

ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനിടെ സർവേയർമാരുടെ കുറവ് നടപടികളെ പ്രതികൂലമായി ബാധിക്കുന്നതായി യോഗത്തെ അറിയിച്ചു. വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയ ഹൈബി ഈഡൻ എം.പി., ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണുകയും ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്യണമെന്ന് നിർദേശിച്ചു.

പദ്ധതിയുടെ ഭാഗമായി മലിനജല സംസ്കരണ പ്ലാന്റുകളുടെ  നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു. ഈ പ്രവൃത്തികളുടെ നടത്തിപ്പ് ഏജൻസിയായ കേരള വാട്ടർ അതോറിറ്റിയുമായി എത്രയും വേഗം പ്രത്യേക അവലോകന യോഗം ചേരാനും പദ്ധതി പുരോഗതി വിലയിരുത്താനും തീരുമാനിച്ചു.

ടി.ജെ. വിനോദ് എം.എൽ.എ., ഉമ തോമസ് എം.എൽ.എ., കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ ജിസൺ ജോർജ്, അനു തങ്കച്ചൻ, ഡെപ്യൂട്ടി കളക്ടർ ഷാജഹാൻ, കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, ഡയറക്ടർ (പ്രോജക്ട്സ്) ഡോ. എം.പി. രാംനിവാസ്, ചീഫ് മാനേജർ (പ്രോജക്ട്സ്) വിനു സി. കോശി, റൈറ്റ്സ്, യു.എൽ.സി.സി. എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കൊച്ചിയുടെ ജലപാത പുനരുജ്ജീവനത്തിനും സുസ്ഥിര നഗരവികസനത്തിനും കനാൽ നവീകരണ പദ്ധതി നിർണായകമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഹൈബി ഈഡൻ എം.പി. ചൂണ്ടിക്കാട്ടി. പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img