10:49am 13 November 2026
NEWS
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഹൈബി ഈഡന്‍ എംപി
20/09/2025  07:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഹൈബി ഈഡന്‍ എംപി

കൊച്ചി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഹൈബി ഈഡന്‍ എംപി. വോട്ടു ചോരിക്കെതിരായി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്യവ്യാപക കാമ്പയിന്റെ ഭാഗമായി എഐസിസി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണം ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വോട്ടര്‍പട്ടികയില്‍ നടന്ന ക്രമക്കേടുകളെയും വീഴ്ചയെയും, വോട്ടിംഗ് ശതമാനത്തിലുള്ള കൃത്രിമത്വം അടക്കം പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടിയിയിരുന്നു. എന്നാല്‍ രാഹുല്‍ ഉന്നയിച്ചത് നരേന്ദ്രമോദിയോടോ, ബിജെപിയോടോ, ഇതര രാഷ്ട്രീയ പാര്‍ട്ടികളോടോ ആയിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപിയും, സംഘപരിവാറുമായിരുന്നു പ്രതിരോധിച്ചത്. പ്രധാനമന്ത്രിയുടേയോ, ബിജെപിയുടെയോ ഓഫീസില്‍ നിന്നും നല്‍കുന്ന മറുപടി വായിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്നും ഹൈബി കുറ്റപ്പെടുത്തി. കമ്മീഷന്റെ രാഷ്ട്രീയ ഇടപെടലിനെയും, ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന നിലപാടിനെതിരെയാണ് പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്യുന്നതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം ചിട്ടയായി നടന്നിരുന്നുവെങ്കില്‍ രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കുമായിരുന്നു. വിശ്വാസപരമായ മറുപടിയോ, ചര്‍ച്ചകളോ കൂടാതെ രാഷ്ട്രീയ ആരോപണമെന്ന രീതിയിലാണ് കമ്മീഷന്‍ രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. കോണ്‍ഗ്രസ് ഭരിച്ചപ്പോഴൊന്നും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. ബിജെപിക്ക് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിക്കൊടുത്തത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വഴിവിട്ട ബന്ധമാണെന്നും ഹൈബി പറഞ്ഞു. 

രാജ്യത്ത് അഞ്ച് കോടി ആളുകളുടെ ഒപ്പു ശേഖരിച്ച് രാഷ്ട്രപതിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ബ്ലോക്ക് കേന്ദങ്ങളിലും, ചൊവ്വാഴ്ച മണ്ഡലം കേന്ദ്രങ്ങളിലും പൊതുജനങ്ങളുടെ ഒപ്പ് ശേഖരിക്കും. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എംഎല്‍എ, അജയ് തറയില്‍, ബി എ അബ്ദുള്‍ മുത്തലിബ്, ഡൊമിനിക് പ്രസന്റേഷന്‍, ജയ്‌സണ്‍ ജോസഫ്, ഡോ. എം സി ദിലീപ് കുമാര്‍, ഡോ. ടി എസ് ജോയ്, പി ജെ ജോയ് , എം ആർ അഭിലാഷ് , ടോണി ചമ്മിണി, ലൂഡി ലൂയിസ്, ജിന്റോ ജോൺ , അഡ്വ. ആന്റണി കുരീത്തറ, കെ വി പി കൃഷ്ണകുമാര്‍, സുനില സിബി, ജോഷി പള്ളന്‍, ദീപക് ജോയ് , വിവേക് ഹരിദാസ് , കെ എം കൃഷ്ണലാൽ , സനൽ നേടിയതറ , റാഷിദ് ഉള്ളംപിള്ളി , ആന്റണി പൈനുംതറ എന്നിവര്‍ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img