
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) 2025-ൽ മുഴുവൻ മേഖലയിലും ‘സീറോ വേസ്റ്റ് ടു ലാൻഡ്ഫിൽ’ സുപ്രധാന നേട്ടം കൈവരിച്ചതായി അധികൃതർ അറിയിച്ചു. ടെർമിനൽ പ്രവർത്തനങ്ങൾ, എയർസൈഡ് ഏരിയകൾ, പങ്കാളി സ്ഥാപനങ്ങളും മറ്റ് സ്റ്റേക്ക്ഹോൾഡർമാരും ഉപയോഗിക്കുന്ന പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ, വിമാനത്താവളത്തിൽ സൃഷ്ടിക്കുന്ന മുഴുവൻ മാലിന്യങ്ങളും ലാൻഡ്ഫില്ലിലേക്ക് അയക്കാതെയാണ് സംസ്കരിക്കുന്നത്.
മാലിന്യ സംസ്കരണം റിസൈക്ലിംഗ്, കോംപോസ്റ്റിംഗ്, എനർജി റിക്കവറി എന്നീ സംവിധാനങ്ങളിലൂടെയാണ് നടപ്പാക്കുന്നത്. ഇതുവഴി ഉത്തരവാദിത്തപരമായ വിഭവ മാനേജ്മെന്റ് വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമാക്കി മാറ്റിയതായും അധികൃതർ വ്യക്തമാക്കി. വിമാനത്താവള സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപിത പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ശക്തിയെന്നും, ഇത് ഖത്തറിന്റെ വിപുലമായ പരിസ്ഥിതി ലക്ഷ്യങ്ങളുമായി ഒത്തുചേരുന്നതാണെന്നും അറിയിച്ചു.
2026-ലേക്ക് കടക്കുമ്പോൾ, വികസന പ്രവർത്തനങ്ങളിൽ നിന്ന് പ്രവർത്തന കാര്യക്ഷമതയും സംവിധാനങ്ങളുടെ പ്രകടനവും മെച്ചപ്പെടുത്തുന്നതിലേക്കാണ് വിമാനത്താവളത്തിന്റെ ശ്രദ്ധ മാറുന്നത്. ഇതിന്റെ ഭാഗമായി, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നതിനായി കിഴക്കൻ റൺവേയുടെ നവീകരണ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കും. യാത്രക്കാരുടെയും വിമാന സർവീസുകളുടെയും പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കാതെയാണ് ഈ പ്രവൃത്തികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
സുരക്ഷ, വിശ്വാസ്യത, കാര്യക്ഷമമായ നടപ്പാക്കൽ എന്നിവയിൽ തുടർച്ചയായ ശ്രദ് ഉറപ്പാക്കി, വിമാന കമ്പനികൾക്കും പങ്കാളികൾക്കും യാത്രക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള സേവനം നൽകാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ വികസിച്ചു വരുന്ന വിമാന ബന്ധങ്ങളും അന്താരാഷ്ട്ര ഗതാഗത ആവശ്യങ്ങളും പിന്തുണയ്ക്കുന്നതിനുള്ള ദീർഘകാല ദൃഷ്ടികോണത്തിന്റെ ഭാഗമായാണ് ഈ നിക്ഷേപങ്ങൾ നടപ്പാക്കുന്നത്











