
ബെയ്റൂട്ട്: ലെബനനിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇസ്രയേലിന് അന്ത്യശാസനം നൽകി ഹിസ്ബുള്ള. തെക്കൻ ലെബനനിൽ സൈനിക വിന്യാസം തുടരാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെയാണ് ലെബനനിലെ സായുധ സംഘം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെടിനിർത്തൽ ധാരണ പ്രകാരമുള്ള 60 ദിവസം കഴിഞ്ഞും സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ രാജ്യത്തിൻറെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമായി കാണുമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. അങ്ങനെ സംഭവിച്ചാൽ ശക്തമായ നടപടിയെന്നും സായുധ സംഘടന ഇസ്രയേലിന് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ നവംബറിലാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തലിന് ധാരണയായത്. ഫ്രാൻസിൻറെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചക്കൊടുവിലാണ് വെടിനിർത്തൽ കരാറിലെത്തിയത്. ഒരു വർഷത്തോളം നീണ്ട സംഘർഷത്തിന് ഒടുവിലായിരുന്നു തീരുമാനം. ഇസ്രയേൽ സൈന്യം ലെബനനിൽ നിന്നും ഹിസ്ബുള്ളയുടെ സേന തെക്കൻ ലെബനനിൽ നിന്നും 60 ദിവസത്തിനകം പിന്മാറണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. കരാർ പ്രകാരം പിന്മാറാനുള്ള അവസാന ദിവസം ഈ വരുന്ന തിങ്കളാഴ്ചയാണ്.
ഇസ്രായേൽ അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോ മീറ്റർ വടക്ക് ഒഴുകുന്ന ലിറ്റനി നദിയുടെ കരയിൽ നിന്ന് ഹിസ്ബുള്ള പിന്മാറണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ കരാറിലുണ്ട്. ഇസ്രയേൽ സൈന്യം ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറണമെന്നും കരാറിലുണ്ട്. അതിനിടെ സേനാ പിന്മാറ്റത്തിന് ഇസ്രയേൽ ഒരു മാസം കൂടി സമയം നീട്ടി ചോദിക്കുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.











