
ദോഹ: വൈവിധ്യമാർന്ന സാംസ്കാരിക-വിനോദ പരിപാടികളോടെ ഖത്തറിലെ കത്താറ സാംസ്കാരിക ഗ്രാമത്തിൽ ഈദ് അൽ അദ്ഹ ആഘോഷങ്ങൾക്ക് ആവേശോജ്ജ്വലമായ തുടക്കം. പരമ്പരാഗത പൈതൃക ഈണങ്ങളും പെരുന്നാൾ അഘോഷങ്ങളുടെ ആഹ്ളാദവും ഒത്തുചേർന്നപ്പോൾ, പെരുന്നാളിന്റെ ഒന്നാം ദിനത്തിൽ കത്താറയിലേക്ക് സന്ദർശകരുടെ വൻ ഒഴുക്കാണ് അനുഭവപ്പെട്ടത്. എല്ലാ പ്രായത്തിലും വിഭാഗങ്ങളിലുംപെട്ട ആളുകളെ ആകർഷിക്കുന്ന കലാപ്രകടനങ്ങളും കുടുംബസൗഹൃദ അന്തരീക്ഷവും കത്താറയെ പെരുന്നാൾ ആഘോഷങ്ങളുടെ മുഖ്യകേന്ദ്രമാക്കി മാറ്റി.
കത്താറ കോർണിഷിൽ അരങ്ങേറിയ പരമ്പരാഗത ഖത്തറി നൃത്ത രൂപമായ 'അർദ' (Ardah) സന്ദർശകരെ ഏറെ ആകർഷിച്ചു. ഖത്തറിന്റെ തനത് പൈതൃകവും ഗൃഹാതുരത്വവും ഉണർത്തുന്നതായിരുന്നു അർദയുടെ ചുവടുകളും വായ്ത്താരികളും. ഇതിനൊപ്പം കത്താറയിൽ അരങ്ങേറിയ ഗാംഭീര്യമാർന്ന സൈനിക പരേഡ് ആഘോഷങ്ങൾക്ക് പ്രൗഢിയേകി. മിലിട്ടറി സംഗീതത്തിന്റെ താളത്തിനൊത്ത് കൃത്യമായ ചുവടുകളോടെയുള്ള സൈനികരുടെ പ്രകടനം കാണികൾക്ക് ദൃശ്യവിരുന്നായി.എല്ലാ പെരുന്നാൾക്കാലത്തെയുമെന്നപോലെ ഇത്തവണയും കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർത്തി 'കത്താറ ഈദ് സമ്മാനങ്ങൾ' (Katara Eid gifts) വിതരണം ചെയ്തു. വർണ്ണാഭമായ അന്തരീക്ഷത്തിൽ കത്താറയിൽ നിന്ന് ഈദ് സമ്മാനങ്ങൾ കൈപ്പറ്റാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികൾ ഓരോ വർഷവും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നായി കത്താറയുടെ സമ്മാനവിതരണം മാറിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. വിനോദത്തിനൊപ്പം പൈതൃകവും സാംസ്കാരിക മൂല്യങ്ങളും സമന്വയിപ്പിച്ച് കുടുംബങ്ങൾക്ക് സുരക്ഷിതമായി ആസ്വദിക്കാനുള്ള അന്തരീക്ഷമാണ് കത്താറ ഫൗണ്ടേഷൻ ഒരുക്കിയിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.രാത്രി 8:30-ഓടെ ദോഹയുടെ ആകാശത്തെ ജനലക്ഷങ്ങളെ സാക്ഷിനിർത്തി വർണ്ണാഭമായ വെടിക്കെട്ട് (Fireworks) നടന്നു. ആകാശത്ത് പലവർണ്ണങ്ങളിൽ പൂത്തിരികൾ വിരിഞ്ഞപ്പോൾ കുട്ടികളുടെയും മുതിർന്നവരുടെയും ഹർഷാരവങ്ങളാൽ കത്താറ കോർണിഷ് മുഖരിതമായി.പരമ്പരാഗത ഖത്തറി ഐഡന്റിറ്റിയും ആധുനിക വിനോദ സൗകര്യങ്ങളും ഒരേപോലെ സമന്വയിപ്പിച്ചുകൊണ്ട്, ഖത്തറിലെ ഈദ് ആഘോഷങ്ങളുടെ ഏറ്റവും മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന പ്രിയപ്പെട്ട കേന്ദ്രമായി കത്താറ സാംസ്കാരിക ഗ്രാമം വീണ്ടും മാറിയിരിക്കുകയാണ്.










