06:16pm 10 November 2026
NEWS
മൊബൈൽ ഫോണിലെ സ്വകാര്യ വിവരങ്ങൾ നഷ്ടമാകാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട പ്രധാന സം​ഗതികൾ ഇതാ..
23/07/2025  08:47 PM IST
nila
മൊബൈൽ ഫോണിലെ സ്വകാര്യ വിവരങ്ങൾ നഷ്ടമാകാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട പ്രധാന സം​ഗതികൾ ഇതാ..

മൊബൈൽ ഫോൺ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ചുപോലും നമുക്ക് ഇപ്പോൾ ചിന്തിക്കാൻ കഴിയില്ല അല്ലേ? കേവലം ആശയവിനിമയോപാധി എന്നതിൽ നിന്നും പണമിടപാട് മുതൽ നിരവധി ഉപയോ​ഗങ്ങൾ മൊബൈൽ ഫോണുകൾക്കുണ്ട്. പലപ്പോഴും സൈബർ തട്ടിപ്പു സംഘങ്ങൾ നമ്മെ കുടുക്കുന്നതും മൊബൈൽ ഫോണിലൂടെയാണ്. നമ്മുടെ സ്മാർട്ട് ഫോണുകൾ ഹാക്ക് ചെയ്ത് നമ്മുടെ വ്യക്തി​ഗത വിവരങ്ങളും സ്വകാര്യ ഫോട്ടോകളും വീഡിയോകളും മുതൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണവുമെല്ലാം ഇത്തരം തട്ടിപ്പു സംഘങ്ങൾ അടിച്ചെടുക്കാറുണ്ട്. നമ്മുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്ന് തിരിച്ചറിയാനായാൽ വലിയ അപകടങ്ങളിൽ നിന്നും നമുക്ക് രക്ഷപെടാനാകും. എങ്ങനെയാണ് നമ്മുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് തിരിച്ചറിയാനാകുക എന്ന് പരിശോധിക്കാം. അതിന് മുമ്പ് എന്താണ് ഹാക്കിം​ഗ് എന്ന് നമുക്കൊന്ന് പരിശോധിക്കാം..

നമ്മുടെ അനുവാദമില്ലാതെ നമ്മുടെ ഫോണിൽ മറ്റൊരാൾക്ക് പ്രവേശിച്ച് വിവരങ്ങൾ ശേഖരിക്കാനും ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും ഉപയോ​ഗിക്കാനും സാധിക്കുന്നതിനെയാണ് ഹാക്കിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മാൽവെയറുകൾ, സ്‌പൈവെയറുകൾ, ഫിഷിംഗ് തുടങ്ങിയവയിലൂടെയാണ് ഇത്തരത്തിൽ ഹാക്കിം​ഗ് നടത്തുന്നത്. പണം തട്ടുക, സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുക, ആൾമാറാട്ടം നടത്തുക, ഒരാളുടെ പ്രവൃത്തികൾ നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് പലപ്പോഴും ക്രിമിനലുകൾ ഫോൺ ഹാക്ക് ചെയ്യുന്നത്. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി പലരും തിരിച്ചറിയില്ല എന്നതാണ് ഇതിലെ പ്രധാന ആശങ്ക, അല്ലെങ്കിൽ ആഴ്‌കളോ മാസങ്ങളോ കഴിയുമ്പോഴായിരിക്കും പലരും തങ്ങളുടെ ഫോണിൽ ആരോ അനധികൃതമായി കടന്നിട്ടുണ്ടെന്നത് മനസിലാക്കുക.

നമ്മുടെ കൈവശമുള്ള ഫോൺ അസാധാരണമായി പെരുമാറിയാൽ നാം വലിയ ജാ​ഗ്രത പുലർത്തണം. ഫോണിന്റെ ചാർജ് പെട്ടെന്ന് തീരുക, പോപ് അപ്പുകൾ ഇടയ്ക്കിടെ പ്രത്യക്ഷമാവുക, നമ്മൾ ഡൗൺലോഡ് ചെയ്യാത്ത ആപ്പുകൾ ഫോണിൽ കാണുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കണം. ഇനി എങ്ങനെയാണ് ഫോൺ ഹാക്ക് ചെയ്യുന്നത് എന്ന് പരിശോധിക്കാം..

പല രീതികളിൽ സ്‌മാർട്ട് ഫോണുകൾ ഹാക്ക് ചെയ്യപ്പെടാറുണ്ട്. സുരക്ഷിതമല്ലാത്ത സ്രോതസുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിലൂടെയും സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതിലൂടെയും ഇത് സംഭവിക്കാം. മാത്രമല്ല, ബാങ്ക് അലർട്ടുകൾ, ഒടിപി തുടങ്ങിയവയിലൂടെ വരുന്ന ലിങ്കുകളും ഹാക്കിംഗിന് വഴിതുറക്കാം. വിപിഎൻ ഇല്ലാതെ പൊതു വൈഫൈ ഉപയോഗിക്കുന്നതും അപകടകരമാണ്. സിം സ്വാപ് ചെയ്യുന്നതിലൂടെയും ചില ഹാക്കേഴ്‌സ് ഫോണിൽ പ്രവേശിക്കാറുണ്ട്.

ചില ലക്ഷണങ്ങൾ നമ്മുടെ ഫോണുകളിൽ കണ്ടാൽ ഹാക്കിം​ഗ് സംശയിക്കാം. അതായത്, പെട്ടെന്ന് ബാറ്ററി തീരുക, കൂടുതൽ ഉപയോഗിക്കാതെ തന്നെ ഫോൺ ചൂടാവുക, ഡൗൺലോഡ് ചെയ്യാത്ത ആപ്പുകൾ ഫോണിൽ കാണുക, പോപ് അപ്പുകൾ, ഫോണിന്റെ പ്രവർത്തനം മന്ദഗതിയിലാവുക, ആവശ്യമില്ലാത്ത കോളുകൾ, സന്ദേശങ്ങൾ, ഇടയ്ക്കിടെ ലോഗൗട്ട് ആവുക, നമ്മളറിയാതെ നമ്മുടെ ഫോൺ കോൺടാക്റ്റിലുള്ളവർക്ക് ഫോണിൽ നിന്ന് സന്ദേശങ്ങൾ പോവുക തുടങ്ങിയ സംഭവങ്ങളുണ്ടായാൽ ഫോൺ ഹാക്ക് ചെയ്തിട്ടുണ്ട് എന്നുറപ്പിക്കാം. 

ഇനി ഇപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ നമ്മൾ എന്തു ചെയ്യണം എന്ന് നോക്കാം..

ഫോണിലെ ഇന്റർനെറ്റ് സേവനം നിർത്തലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. മൊബൈൽ ഡേറ്റയും വൈഫൈയും ഓഫ് ചെയ്യണം. 
നമ്മൾ ഇൻസ്റ്റാൾ ചെയ്യാത്ത ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ അവയും ഒഴിവാക്കണം. ഇമെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങി ഫോണിലുള്ള എല്ലാ പാസ്‌വേഡുകളും അടിയന്തരമായി മാറ്റണം. ആവശ്യമെങ്കിൽ ഡാറ്റ ബാക്ക് അപ്പ് ചെയ്തതിനുശേഷം ഫാക്‌ടറി റീസെറ്റ് ചെയ്യാം. നിങ്ങൾ അറിയാതെ എന്തെങ്കിലും സിം പ്രവർത്തനം നടന്നുവോയെന്ന് സേവനദാതാക്കളെ വിളിച്ച് ഉറപ്പുവരുത്താം.
വിശ്വാസയോഗ്യമായ മൊബൈൽ സെക്യൂരിറ്റി ആപ്പുകളോ ആന്റിവൈറസോ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം.

ഇനി ഹാക്കിം​ഗിൽ നിന്നും നമ്മുടെ ഫോണിനെ സംരക്ഷിക്കാനും ചില മാർ​ഗങ്ങളുണ്ട്. ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നത് ശീലമാക്കണം. ഇമെയിലിലും മറ്റ് ഫോൺ സന്ദേശങ്ങളിലും വരുന്ന ലിങ്കുകൾ ക്ളിക്ക് ചെയ്യാതിരിക്കുക. ഇടയ്ക്കിടെ സോഫ്‌ട്‌വെയർ അപ്‌ഡേറ്റ് ചെയ്യുക ശക്തമായ സ്ക്രീൻ ലോക്ക് ഇടുക, വിപിഎന്നിലൂടെ മാത്രം പൊതു വൈഫൈ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങളും ഹാക്കിം​ഗിൽ നിന്നും ഫോണിനെ സംരക്ഷിക്കാൻ സഹായിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img