
ന്യൂഡൽഹി: കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണവുമായി പ്രത്യേക അന്വേഷണസംഘത്തിന് മുന്നോട്ട് പോകാമെന്നും, മൊഴി നൽകിയവരിൽ പരാതി ഇല്ലാത്തവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആണ്. അതിനാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. സമ്മർദ്ദത്തിലാക്കി മൊഴി നൽകാൻ ആരെങ്കിലും പ്രേരിപ്പിക്കുന്നുവെന്ന പരാതി ഉണ്ടെങ്കിൽ അവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.











