09:18am 05 November 2026
NEWS
ഹേമ കമ്മിറ്റി റിപ്പോർട്ട്: മറച്ചുവെച്ച പേജുകൾ ഇനി പുറംലോകം കാണില്ല
07/02/2025  08:26 PM IST
പി. ജയചന്ദ്രൻ
ഹേമ കമ്മിറ്റി റിപ്പോർട്ട്: മറച്ചുവെച്ച പേജുകൾ ഇനി പുറംലോകം കാണില്ല
HIGHLIGHTS

കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മറച്ചുവെച്ച പേജുകളിൽ പരാമർശിക്കുന്നത് താരചക്രവർത്തിമാരുടെ കാമകേളികളോ...?

മലയാള ചലച്ചിത്രമേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിക്കുകയും അടിമുടി പിടിച്ചുലയ്ക്കുകയും ചെയ്ത ഒരു സംഭവമാണല്ലോ ഹേമാക്കമ്മിറ്റി റിപ്പോർട്ട്. 2017 ൽ കൊച്ചിയിൽ വച്ച് ചിലർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നുപറഞ്ഞുകൊണ്ട് ഒരു പ്രമുഖ നടി രംഗത്തുവന്ന് നടത്തിയ വെളിപ്പെടുത്തലുകൾ സിനിമാമേഖലയെ മാത്രമല്ല, പൊതുസമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നല്ലോ. മലയാളത്തിലെ ജനപ്രിയനടനായിരുന്ന ദിലീപിന്റെ ക്വട്ടേഷൻ പ്രകാരമാണ് തട്ടിക്കൊണ്ടുപോകലും പീഡനവും അരങ്ങേറിയതെന്ന വിവരം പുറത്താവുക കൂടി ചെയ്തതോടെ അക്ഷരാർത്ഥത്തിൽ കേരളം നടുങ്ങുകതന്നെ ചെയ്തു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലുമായി.

ആ ഒരു സാഹചര്യത്തിലാണ് പാർവ്വതി തെരുവോത്ത്, മഞ്ജുവാര്യർ, രേവതി തുടങ്ങിയ നടിമാരുടെ നേതൃത്വത്തിൽ, ചരിത്രത്തിലാദ്യമായി മലയാള ചലച്ചിത്ര മേഖലയിൽ നടിമാരുടേതായ ഒരു പ്രതികരണ സംഘടന രൂപം കൊണ്ടത്. 'വിമൻസ് ഇൻ സിനിമാകളക്ടീവ്' (ണഇഇ)എന്ന പേരിൽ രൂപം കൊണ്ട ആ സംഘടന നടി ആക്രമിക്കപ്പെട്ട സംഭവം അതീവ ഗൗരവത്തോടെ ഉയർത്തിക്കൊണ്ടുവരികയും മുഖ്യമന്ത്രിക്ക് പരാതി നൽകുകയുമൊക്കെ ചെയ്തു.

അതേത്തുടർന്നാണ് 2017 ജൂലൈയിൽ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചത്. റിട്ട. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ ആ കമ്മിറ്റിയിൽ ചലച്ചിത്ര നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ ബി. വത്സലകുമാരി എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. മലയാള സിനിമാരംഗത്തെ ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അന്വേഷിച്ച്, അവയ്ക്ക് പരിഹാരനടപടികൾ സമർപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ആ കമ്മിറ്റി.

അതിന്റടിസ്ഥാനത്തിൽ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി വനിതകളെ കണ്ട്, അവരുടെയൊക്കെ അനുഭവങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച കമ്മിറ്റി 2019 ഡിസംബറിൽ 300 പേജുകളുള്ള വിശദമായ ഒരു റിപ്പോർട്ട് സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൈമാറി. അതുപക്ഷേ നാലുവർഷക്കാലത്തോളം വെളിച്ചം കണ്ടില്ല. അതിനുമേൽ ഗവൺമെന്റ് അടയിരുന്നു. ജസ്റ്റിസ് ഹേമയും മറ്റ് രണ്ട് അംഗങ്ങളും ഏതാണ്ട് നാൽപ്പതുമാസത്തോളമെടുത്തു തയ്യാറാക്കിയ റിപ്പോർട്ട് ഒരിക്കലും പുറംലോകം കാണരുതെന്ന് കരുതി ഇരുട്ടറയിലേക്ക് വലിച്ചെറിയുകയും ചെയ്തു. അതോടെ ഖജനാവിനുണ്ടായ നഷ്ടം 1 കോടി 6 ലക്ഷത്തി 55000 രൂപയായിരുന്നു.

കോൾഡ് സ്റ്റോറേജിൽ

വച്ചതിന് പിന്നിൽ...

അതൊരു വലിയ കഥയാണ്. ഡബ്ല്യു.സി.സി രൂപീകരിച്ച സമയത്തുതന്നെ അതിനെ തകർക്കുവാൻ അരയും തലയും മുറുക്കി രംഗത്തുവന്നവർ നിസ്സാരന്മാരായിരുന്നില്ല. മലയാള സിനിമാമേഖലയെ ചൂണ്ടുവിരൽ കൊണ്ട് പമ്പരം കറക്കിക്കുന്ന പലരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. ആ ദൗത്യത്തിൽ അവർ പൂർണ്ണമായും വിജയിച്ചില്ലെങ്കിലും മഞ്ജുവാര്യരെപ്പോലൊരു നടിയെ പിൻമാറ്റുവാൻ അവർക്ക് കഴിഞ്ഞു. പാർവതിയും രേവതിയുമൊക്കെ ശക്തമായിത്തന്നെ നിലകൊണ്ടപ്പോൾ, ഡബ്ല്യു.സി.സിയെ തള്ളിപ്പറഞ്ഞുകൊണ്ട് മഞ്ജുവാര്യർ മടങ്ങിപ്പോയി. ഡബ്ല്യു.സി.സിയുടെ കൂടി പിൻബലത്തിൽ ദിലീപിനെതിരെ കൂടുതൽ ഉറച്ചചുവടുകളുമായി മുന്നോട്ടുപോകും എന്ന് കരുതിയ മഞ്ജുവാര്യരാണ് ഒരു സുപ്രഭാതത്തിൽ മടങ്ങിപ്പോയത് എന്നുപറയുമ്പോൾ, അവരെ അതിന് നിർബന്ധിതയാക്കിയ ശക്തികളുടെ സിനിമാസ്വാധീനം ഊഹിക്കാവുന്നതേയുള്ളൂ.

അതായത്, നമ്മൾ പുറമെ കാണുന്നതല്ല മലയാള സിനമാമേഖല. ജാതിയും മതവും അസൂയയും കുശുമ്പും മറ്റ് പലതുമാണ് ആ മേഖലയിൽ നടമാടുന്നത്. സൂപ്പർ  സ്റ്റാറുകൾ പോലും അവർക്കിഷ്ടമുള്ള നടിമാരെ ശുപാർശ ചെയ്യുകയും ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാൻ പറയുകയും ചെയ്യുന്നത് പതിവ് രീതി മാത്രമാണ്. അതറിയാവുന്ന പലരും ഇവരെയൊക്കെ ഭയന്ന്, ഇവർ  പറയുന്നത് കേട്ടും പ്രവർത്തിച്ചുമാണ് പിടിച്ചുനിൽക്കുന്നത്. സൂപ്പർസ്റ്റാറുകളുടെ ഡേറ്റ് കിട്ടിയിട്ട് ഒരു പ്രോജക്ട് തുടങ്ങാൻ കാത്തിരിക്കുന്ന നിർമ്മാതാക്കൾ സ്വാഭാവികമായും അവരുടെ താൽപ്പര്യങ്ങൾക്ക് കൂട്ടുനിൽക്കുന്നു. അതിന് നിർബന്ധിതരാകുന്നു. സംവിധായകരുടെ കാര്യത്തിൽ മുതൽ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവിന്റെ കാര്യത്തിൽവരെ മുൻനിര നായകനടന്മാരുടെ മേധാവിത്വമാണ് മലയാള സിനിമാമേഖലയിൽ നിലനിൽക്കുന്നത്.

മുൻപ് ഇതായിരുന്നില്ല സ്ഥിതി. അന്ന് നിർമ്മാതാവായിരുന്നു വലിയ ആൾ. അവർ പറയുന്നതിനപ്പുറം ഒന്നുമില്ലായിരുന്നു. അഭിനേതാക്കളേയും, സംവിധായകരേയും ഒക്കെ നിശ്ചയിച്ചിരുന്നത് ലക്ഷങ്ങൾ മുടക്കുന്ന പ്രൊഡ്യൂസർമാരായിരുന്നു. ആസാഹചര്യം മാറിയത് മനസ്സിലാക്കിത്തന്നെയാകണം, ആദ്യത്തെ ആവേശം കെട്ടടങ്ങിയപ്പോൾ മഞ്ജുവാര്യർ ഡബ്ല്യു.സി.സിയുടെ പടിയിറങ്ങിയത്.

അവരുടെ ആ സ്വാധീനം ഭരണ കേന്ദ്രങ്ങളിൽ വരെ എത്തി എന്നതിന് തെളിവാണ് ഹേമകമ്മിറ്റി റിപ്പോർട്ടിന് സംഭവിച്ചതും. ഏത് ഭരണം മാറിവന്നാലും ആ ഭരണ നേതൃത്വങ്ങളിൽ വൻ സ്വാധീനമാണ് നമ്മുടെ മുൻനിര ചലച്ചിത്രനായകർക്കുള്ളത്. 2019 ഡിസംബർ 30 ന് സർക്കാരിന് സമർപ്പിച്ച ഹേമകമ്മിറ്റി റിപ്പോർട്ട് നാല് വർഷക്കാലം വെളിച്ചം കാണാതിരുന്നത് അതുകൊണ്ടുമാത്രമാണ്. 2019 ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ട് 2024 ജൂലൈയിലാണ് വെളിച്ചം കണ്ടത്.

ഇതിനിടെ പലരും വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനങ്ങിയില്ല. ഒടുവിൽ വിവരാവകാശ നിയമപ്രകാരം വിലക്കപ്പെട്ടിട്ടുള്ള, പരാമർശിക്കപ്പെട്ട വ്യക്തികളെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ തിരുത്തിയശേഷം ജൂലൈ 22 ന് അകം ആവശ്യപ്പെട്ടവർക്ക് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. ഹൈക്കോടതിയും അങ്ങനൊരു നിലപാട് സ്വീകരിച്ചതോടെ ഗത്യന്തരമില്ലാതെ ഗവൺമെന്റ് റിപ്പോർട്ട് പുറത്തുവിട്ടു. നിർണ്ണായകമായ വിവരങ്ങൾ ഉൾപ്പെടെ പല  പേജുകളും ഒഴിവാക്കിയായിരുന്നു പുറത്തുവിടൽ. മലയാള സിനിമാമേഖലയെ പിടിച്ചുകുലുക്കിയ, പൊതുസമൂഹത്തെയാകെ ഞെട്ടിച്ച വിവരങ്ങളാണ്, ഒളിപ്പിച്ചുവച്ച പേജുകൾ ഇല്ലാതെ പുറത്തുവിട്ട റിപ്പോർട്ടിൽ പോലും ഉള്ളത്. അപ്പോൾ അതുകൂടി ഉണ്ടായിരുന്നെങ്കിൽ...?

'ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും സുന്ദരചന്ദ്രനുമുള്ള ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്. പക്ഷേ ശാസ്ത്രീയാന്വേഷണത്തിൽ നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ലെന്നാണ് തെളിഞ്ഞത്. അതുകൊണ്ട് കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാരപോലെയാണ്' എന്ന ആമുഖത്തോടെ ആരംഭിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് എഴുതിച്ചേർത്തിട്ടുള്ളത്.

ലൈംഗികത തന്നെ മുഖ്യം

സിനിമാമേഖലയിൽ വ്യാപകമായ ലൈംഗിക ചൂഷണമാണ് നിലവിലുള്ളത്. കാസ്റ്റിംഗ് കൗച്ചുണ്ട്. അവസരം കിട്ടാൻ നടിമാർ വിട്ടുവീഴ്ച ചെയ്യണം.(കിടക്ക പങ്കിടണം എന്ന് പച്ച മലയാളം). വഴങ്ങാത്തവർക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരിൽ പ്രമുഖ നടന്മാരുമുണ്ട്. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ട്. പരാതി പറയുന്നവരെ പ്രശ്‌നക്കാരായിട്ടാണ് കാണുന്നത്. മലയാള സിനിമാമമേഖല നിയന്ത്രിക്കുന്നത് മാഫിയാ സംഘങ്ങളാണ്. സർവ്വത്ര ആൺകോയ്മയാണ് നിലനിൽക്കുന്നത്. സ്ത്രീകൾ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. അവരെ രണ്ടാം തരക്കാരായിട്ടാണ് പരിഗണിക്കുന്നത്. നടിമാർ ജീവഭയം കാരണം പലകാര്യങ്ങളും തുറന്നുപറയുവാൻ മടിക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നതുപോലും ലൈംഗികാവശ്യത്തിന് വഴങ്ങിയാൽ മാത്രമാണ്. സിനിമയിലെ സ്ത്രീയെ ഒരു ലൈംഗികവസ്തുവായി മാത്രമാണ് പലരും കരുതുന്നത്. 'നോ' പറഞ്ഞാൽ ഓക്കെയായ സീനുകൾ വരെ റീ-ടേക്ക് എടുപ്പിക്കും. ആലിംഗന സീനുകളും ചുംബനസീനുകളുമൊക്കെ നിരവധി തവണ റീ-ടേക്ക് എടുത്ത് പ്രതികാരം ചെയ്യും.. എന്നിങ്ങനെ പോകുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ.

ഏതായാലും റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ ചർച്ചകൾക്ക് വഴിവച്ചു. ചിലർ അത് സ്വാഗതം ചെയ്തപ്പോൾ വേറെ ചിലർ ശുപാർശകൾ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടു. മറ്റ് ചിലരാകട്ടെ വ്യവസായം തകരുമെന്ന് നിലവിളിച്ച് ശക്തമായ പ്രതിരോധം തീർത്തു.

അതെന്തുതന്നെയായാലും പിന്നീടങ്ങോട്ട് വെളിപ്പെടുത്തലുകളുടെ കാലമായിരുന്നു. മേഖലയിലെ പല  വമ്പന്മാർക്കുമെതിരെ ആരോപണങ്ങളുമായി നടിമാർ രംഗത്തുവന്നു. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനും നടനുമൊക്കെയായ രഞ്ജിത്തിനെതിരെ അന്യഭാഷാനടിയാണ് ആദ്യം രംഗത്തുവന്നത്. 'പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമാ നിർമ്മാണത്തിനിടെ രഞ്ജിത്തിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവവുമായി അവർ രംഗത്തുവന്നപ്പോൾ, ഒടുവിൽ രഞ്ജിത്തിന് അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.

നടൻ സിദ്ദിക്കിനെതിരെ മറ്റൊരു  നടി ആരോപണവുമായി വന്നപ്പോൾ 'അമ്മ' എന്ന താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച സിദ്ധിക്ക് ജയിൽവാസം ഭയന്ന് ഒളിവിൽ പോയതും, മുൻകൂർ ജാമ്യത്തിനായി പരമോന്നത നീതിപീഠത്തെവരെ അഭയം പ്രാപിച്ചതും കേരളം കണ്ടു.

കൊല്ലം എം.എൽ.എ കൂടിയായ എം. മുകേഷിനെതിരെ ഒരു ജൂനിയർ ആർട്ടിസ്റ്റ് കളത്തിലിറങ്ങിയപ്പോൾ അത് സംസ്ഥാനരാഷ്ട്രീയത്തിലും കോളിളക്കങ്ങളുണ്ടാക്കി. മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികൾ എം.എൽ.എ ഓഫീസിലേക്ക് പല പ്രാവശ്യം പ്രകടനങ്ങൾ സംഘടിപ്പിച്ചു.

നടന്മാരായ ജയസൂര്യ, മണിയൻപിള്ള രാജു, റിയാസ് ഖാൻ, ഇടവേള ബാബു, ബാബുരാജ്, അലൻസിയർ, നിവിൻപോളി സംവിധായകൻ തുളസിദാസ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, സംവിധായകൻ വി.കെ. പ്രകാശ് എന്നിവർക്കൊക്കെ എതിരെ ലൈംഗിക പീഡനാരോപണങ്ങളുയർന്നു. അക്കൂട്ടത്തിൽ നിവിൻപോളി മാത്രമാണ് ഹൈക്കോടതിയിൽ നിന്ന് ക്ലീൻ ചിറ്റ് സമ്പാദിച്ചത്.

തുടർന്ന് അതീവ സമർദ്ദത്തിലായ സർക്കാർ ഐ.ജി സ്പർജ്ജൻ കുമാറിന്റെ നേതൃത്വത്തിൽ നാല് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേകഅന്വേഷണകമ്മീഷനും രൂപികരിച്ചു. എന്നാൽ ഹേമാകമ്മിറ്റിക്ക് മുൻപാകെ വെളിപ്പെടുത്തലുകൾ നടത്തിയ നടിമാർ പലരും അന്വേഷണ കമ്മിഷന് മുൻപാകെ തെളിവുകൾ സമർപ്പിക്കുവാൻ തയ്യാറാകാതിരിക്കുകയും, മാധ്യമങ്ങൾക്ക് മുന്നിൽ പല കാര്യങ്ങളും വെട്ടിത്തുറന്നു പറഞ്ഞ വേറെ ചിലർ പിറകോട്ട് വലിയുകയുമൊക്കെ ചെയ്യുന്നതും കേരളം കണ്ടു.

ഇതിനിടെ മറ്റൊരു കാര്യം കൂടി കേരളം കണ്ടു. സിനിമാമേഖലയിൽ ഒന്നിന് പിറകെ ഒന്നായി പലരുടെ പേരിലും ആരോപണങ്ങൾ ഉയർന്നുവരികയും, എം. മുകേഷിനെപ്പോലെ ഒരു ജനപ്രതിനിധി കൂടി ആരോപണ വിധേയനാവുകയുമൊക്കെ ചെയ്തപ്പോൾ അതിന്റെ അനുരണനങ്ങൾ ഭരണമുന്നണിയിൽപ്പോലുമുണ്ടായി. ഇടതുമുന്നണിയിലെ രണ്ടാമത്തെ പ്രധാനകക്ഷയായ സി.പി.ഐയുടെ ദേശീയ വനിതാനേതാവ് ആനിരാജ തന്നെ മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നുള്ള നിലപാട് പരസ്യമായി ഉന്നയിച്ചു. ഒരിക്കലല്ല, പല പ്രാവശ്യം. അതേത്തുടർന്ന് ദേശീയ നേതാവായ ആനിരാജ കേരളത്തിലെ കാര്യങ്ങളിൽ ഇടപെടുന്നത് സി.പി.ഐയിൽ തന്നെ ചർച്ചകൾക്ക് വഴിവച്ചു. ഒടുവിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവച്ചില്ലെങ്കിലും താരസംഘടന അഭിപ്രായഭിന്നതയിൽ ആടിയുലകയും, ചിലരെങ്കിലും 'അമ്മ'യോട് സലാം പറയുകയുമൊക്കെ ചെയ്തപ്പോൾ, ഒരു ദിവസം കൊച്ചിയിൽ പറന്നിറങ്ങിയ 'അമ്മ'യുടെ പ്രസിഡന്റ് മോഹൻലാൽ, അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവയ്ക്കുന്നതായി പ്രഖ്യാപിക്കുന്നിടം വരെയെത്തി കാര്യങ്ങൾ.

ആ ഭാഗങ്ങൾ എന്തുകൊണ്ട്

പുറത്തുവിടുന്നില്ല

അതിനിടെയാണ് പിടിച്ചുവച്ച ഭാഗങ്ങൾ പുറത്തുവിടാമെന്നുള്ള ആവശ്യം പല കോണുകളിൽ നിന്നും ശക്തമായി ഉയർന്നതും, ഒടുവിൽ അതിനായി സർക്കാർ ഒരു ദിവസം നിശ്ചയിച്ചതും. പക്ഷേ ഒന്നും നടന്നില്ല. നടി രഞ്ജിനി കോടതിയിൽ പോയിരിക്കുന്നു എന്ന സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങി സർക്കാർ മലക്കം മറിയുകയായിരുന്നു. ഇനി അഥവാ അങ്ങനൊരു കോടതി വിഷയം ഉണ്ടായിരുന്നിെല്ലങ്കിൽ മൂടിവച്ച ഭാഗങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. ഒരിക്കലും തയ്യാറാകുമായിരുന്നില്ല എന്നുതന്നെയാണ് ഉത്തരം. എന്തുകൊണ്ടായിരിക്കും അങ്ങനൊരു നിലപാട് സ്വീകരിക്കുവാൻ സർക്കാർ നിർബന്ധിതരാകുന്നത്?

പറഞ്ഞുകേൾക്കുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ, തൊടുന്യായങ്ങൾ പറഞ്ഞ്, സംഗതി നീട്ടിനീട്ടിക്കൊണ്ടുപോയി ഒടുവിൽ മറവിയിലേക്ക് തള്ളിവിടുകയാണ് സർക്കാരിന്റെ ഉദ്ദേശം. കാരണം, മറച്ചുവച്ചിരിക്കുന്ന ഭാഗങ്ങളിൽ മലയാള സിനിമയിലെ വമ്പന്മാരുടെ പേരുകളാണെത്രെയുള്ളത്. അഭിനയരംഗത്തും സംവിധാനരംഗത്തും നിർമ്മാണരംഗത്തുമൊക്കെയുള്ള വമ്പന്മാരാണ് പലരും.

അതേസമയം ഹേമ കമ്മിറ്റിയിൽ അംഗമായിരുന്ന നടി ശാരദ തന്നെ പറഞ്ഞതുപോലെ സിനിമാമേഖലയിലെ ലൈംഗികത ഒരു പുതിയ കാര്യമല്ല എന്നാണ് ഈ മേഖലയുമായി ഏറെ അടുത്തിടപഴകിയിട്ടുള്ള പല മുതിർന്ന സിനിമാപ്രവർത്തകരും പറയുന്നത്. വടക്കൻ പാട്ടുകളിലെ നായകനായിരുന്ന ഒരു പഴയകാല നടൻ രാത്രികാലങ്ങളിൽ കമ്പിളിപ്പുതപ്പ് തല വഴിയേയിട്ട് നായിക നടിയുടെ മുറിയിലേക്ക് വരത്തുപോക്ക് നടത്തിയിരുന്നത് അക്കാലത്ത് സെറ്റിൽ പലരും കണ്ടിരുന്നെങ്കിലും ആ വലിയ നടനോടുള്ള ബഹുമാനം കൊണ്ട് ആരും  അത് പുറത്തുപറഞ്ഞിരുന്നില്ല. അതിലൊരു വ്യത്യാസമുള്ളത് ഇന്നത്തെപ്പോലെ അസമയത്ത് കതകിലടിക്കുകയോ, റോളിന്റെ കാര്യം പറഞ്ഞ് ഭീഷണപ്പെടുത്തി വശപ്പെടുത്തുകയോ ഒന്നുമായിരുന്നില്ല ചെയ്തിരുന്നത്. ഉഭയസമ്മതപ്രകാരമുള്ള ഇടപാടായിരുന്നു അതൊക്കെ.

അത്തരത്തിൽ പരസ്പരസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധപ്പെടലുകൾ കോഴിക്കോട്ടെയും എറണാകുളത്തെയും ഒക്കെ, സിനിമാക്കാരുടെ താവളമായിരുന്ന പല ഹോട്ടൽ മുറികൾക്കും പറയാനുണ്ടകും. മലയാളത്തിലെ ഒരു ഒറ്റയാൻ സംവിധായകന്റെ ചിത്രത്തിന്റെ സെറ്റിൽ വച്ച് നായികാനായകന്മാരെ ഒരു ഓണഷൂട്ടിനായി ചിത്രങ്ങളെടുക്കാൻ ചെന്ന ഫോട്ടോഗ്രാഫർ കണ്ട കാഴ്ചകൾ അയാൾ തന്നെയാണ് പറഞ്ഞത്. ഇന്നും മുൻനിര സ്ഥാനം കയ്യടക്കി വച്ചിരിക്കുന്ന ഒരു യുവനടനായിരുന്നു കഥാനായകൻ. നായിക എല്ലാവർക്കും പ്രീയപ്പെട്ടവളും.

അതേസമയം ഒരു പ്രശസ്ത സംവിധായകന്റെ മുറിയിലേക്ക് സംവിധായക ഭാര്യയുടെ കണ്ണുവെട്ടിച്ചായിരുന്നു, പട്ടങ്ങൾ പലത് ചാർത്തിക്കിട്ടിയ നടിയുടെ കടന്നുചെല്ലൽ. ഒരിക്കൽ അത് കയ്യോടെ പിടികൂടിയ സംവിധായകന്റെ ഭാര്യയും, ഈ നടിയുമായി ഹോട്ടലിൽ അരങ്ങേറിയ 'വാക്‌യുദ്ധം' എല്ലാറ്റിനും സാക്ഷിയായ ഒരു പി.ആർ.ഓയാണ് ലേഖകനോട് പറഞ്ഞത്.

അതൊക്കെ പരസ്പര ധാരണയോടെയുള്ള ബന്ധപ്പെടലായിരുന്നു. എന്നാലിന്ന് ഭീഷണിപ്പെടുത്തി വശംവദയാക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. കാര്യങ്ങൾ ഹേമ കമ്മിറ്റി വരെ എത്തിയതും അതുകൊണ്ടാണ്.

അതുകൊണ്ടും പക്ഷേ രക്ഷയില്ല എന്നതാണവസ്ഥ. ബി.പി(ഭാര്യയെ പേടി) കാരണം പരസ്യമായി നായികയെ കെട്ടിപ്പിടിക്കാൻ പോലും മടിക്കുന്ന നായകനും, അതിനൊന്നും ഒരു മടിയുമില്ലാത്ത നായകനുമൊക്കെ നിയന്ത്രിക്കുന്ന മലയാള സിനിമാരംഗത്ത് അവർക്കൊക്കെ മീതെ തൽക്കാലം ഒരു പരുന്തും പറക്കില്ല. കാരണം, ഭരണ സിരാകേന്ദ്രങ്ങളുമായിപ്പോലും വലിയ ബന്ധങ്ങളാണ് അവർക്കുള്ളത്. ഹേമകമ്മിറ്റിക്ക് മുൻപാകെ തങ്ങളുടെ അനുഭവങ്ങൾ തുറന്നുപറഞ്ഞ നടിമാർ പലരും പിന്നീട് അതുമായി മുന്നോട്ടുപോകാൻ തയ്യാറാകാത്തതും, പലരുടേയും പേരുകൾ പരസ്യമായി വിളിച്ചുപറഞ്ഞവർ തന്നെ പിന്നോക്കം പോകുന്നതുമൊക്കെ ആ സ്വാധീനത്തെ ഭയന്നാണ്. ഒന്ന് കണ്ണടച്ചാൽ ആവശ്യത്തിന് ചിത്രങ്ങളും പണവും പ്രശസ്തിയുമൊക്കെ കിട്ടുമെന്നിരിക്കെ, തങ്ങൾ വിചാരിച്ചാലൊന്നും നേരെയാക്കാൻ കഴിയാത്ത ഈ മേഖലയിൽ എന്തിന് ഒറ്റയാനായി നിൽക്കണം എന്നാണ് ഒരു പ്രമുഖനടിയുടെ ചോദ്യം.

ഇരകൾ പോലും വൈകിവന്ന വിവേകം കൊണ്ടെന്നപോലെ ഇങ്ങനെ ചോദിക്കുമ്പോൾ ഹേമകമ്മിറ്റി റിപ്പോർട്ടും ആ ഒരു കോടി ആറ് ലക്ഷവുമൊക്കെ അങ്ങ് മറക്കുന്നതാണ് നല്ലത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img