''മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും, മനോഹരമായ ചന്ദ്രനും നിറഞ്ഞ ആകാശം നിഗൂഢതകളുടേതാണ്. പക്ഷേ നക്ഷത്രങ്ങൾ തിളങ്ങുന്നില്ലെന്നും, അത്ര മനോഹരമല്ലെന്നും ശാസ്ത്രാന്വേഷണങ്ങളിലൂടെ വെളിപ്പെട്ടു. അതുകൊണ്ട് ഈ പഠനം മുന്നറിയിപ്പു നൽകുന്നു : നിങ്ങൾ കണ്ടതിൽ വിശ്വസിക്കരുത്. ഉപ്പും പഞ്ചസാരപോലെ വെളുത്തിരിക്കും'' - ഹേമ കമ്മിഷൻ റിപ്പോർട്ടിലെ ആമുഖം.
ഇതൊരു കഥയല്ല. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് എറണാകുളം ജില്ലയിൽ നടന്ന സംഭവമാണ്. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിൽ മനംനൊന്ത് ഒരു പാവം യുവതി മരണത്തെ സ്വയംവരിച്ച സംഭവം. കേരളം ഇപ്പോൾ ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടും അതിൻമേൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടർനടപടികളും കാണുകയും കേൾക്കുകയുമൊക്കെ ചെയ്യുമ്പോൾ ആ പഴയ സംഭവം സ്വാഭാവികമായും ഓർമ്മയിലേക്ക് ഓടിവരികയായിരുന്നു. ഇപ്പോഴത്തെ പശ്ചാത്തലത്തിൽ 'അതുകൂടി' വായനക്കാർ മനസ്സിലാക്കിയിരിക്കുന്നത് തുടർന്നുള്ള(ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള നിയമനടപടികൾ) വായനയ്ക്ക് ഉപകാരപ്പെടും എന്നുള്ളതുകൊണ്ടാണ് കുറിക്കുന്നത്.
ഹേമാകമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ, ചില നടിമാരുടെ ചില വെളിപ്പെടുത്തലുകളുടെയടിസ്ഥാനത്തിൽ സ്ഥാനചലനവും മാനഹാനിയുമൊക്കെ സംഭവിച്ച്, നിയമക്കുരുക്കിൽപ്പെട്ടുഴലുന്ന, എറണാകുളം സ്വദേശി കൂടിയായ, മലയാളത്തിലെ ഒരു എണ്ണം പറഞ്ഞ നടനാണ് ഈ സംഭവകഥയിലെ നായകൻ. സ്വഭാവവേഷങ്ങളും വില്ലൻ വേഷങ്ങളും വളരെ തന്മയത്വമായി കൈകാര്യം ചെയ്യുന്ന ഇദ്ദേഹം നല്ലൊരു ഗായകൻകൂടിയാണ്. പുതിയ സാഹചര്യത്തിൽ തനിക്കെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുള്ള ഇദ്ദേഹത്തിന്റെ വിളിച്ചുപറയലുകളിൽ വാസ്തവത്തിന്റെ കണിക എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുവാൻ ഈ കുറിപ്പ് സഹായിക്കുമെന്നതിനാലാണ് സാന്ദർഭികമായി ഇതിപ്പോൾ വായനക്കാരുടെ മുന്നിലെത്തിക്കുന്നത്.
അത്യാവശ്യം അഭിനയവാസനയും മുഖസൗന്ദര്യവുമൊക്കെയുണ്ടായിരുന്ന ഇദ്ദേഹം അന്ന് ഏതോ ഒരു ബിസ്‌ക്കറ്റ് കമ്പനിയിലെ സെയിൽസ് റെപ്രസന്റേറ്റീവായിരുന്നു. ആ സമയത്താണ് എറണാകുളം സ്വദേശി തന്നെയായ ഒരു പാവം പെൺകുട്ടിയുമായുള്ള ഇയാളുടെ വിവാഹം ഉറപ്പിച്ചതും, നടന്നതും. പെൺകുട്ടി, ഒരു കുലീന കുടുംബത്തിൽ നിന്നുള്ളവളായിരുന്നു. ആങ്ങളമാരൊക്കെയും നല്ല വിദ്യാഭ്യാസമുള്ളവരും അതിന്റേതായ പൊസിഷനിലുള്ളവരും.
ആദ്യകാലങ്ങളിൽ മറ്റ് കുഴപ്പങ്ങളോ പ്രശ്‌നങ്ങളോ ഒന്നുമില്ലാതെ സ്വച്ഛന്ദം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ആ വിവാഹജീവിതം പ്രശ്‌നങ്ങളിൽപ്പെട്ടുഴലാൻ തുടങ്ങിയത് കഥാനായകൻ സിനിമയിൽ സജീവമാകാൻ തുടങ്ങിയതോടെയാണ്. ആദ്യമാദ്യം കഥാനായകനെയും നടിമാരെയുമൊക്കെ ചേർത്തുള്ള വാർത്തകൾ പുറത്തുവരികയും പാവം പെൺകുട്ടി അതൊക്കെ അറിയുകയും ചെയ്‌തെങ്കിലും, സിനിമയാണ്, ഒന്നിച്ചുചേർന്ന് അഭിനയിക്കുമ്പോൾ പലതും കേൾക്കും.. എന്നൊക്കെയുള്ള കഥാനായകന്റെ വിശദീകരണം യുവതിയായ ഭാര്യ വിശ്വസിച്ചു. എന്നാൽ പിന്നീട് മലയാളത്തിലെ ഒരു പ്രമുഖനടിയുമൊത്തുള്ള കഥാനായകന്റെ ബന്ധം പരസ്യമായതോടെ പഴയതുപോലെ ഭർത്താവ് പറയുന്നത് അതേപടി വിശ്വസിക്കുവാൻ ഭാര്യ തയ്യാറായില്ല. അതേത്തുടർന്ന് കഥാനായകനും ഭാര്യയും തമ്മിൽ വലിയ തോതിലുള്ള വാക്കുതർക്കങ്ങൾ ഉണ്ടാവുകയും പെൺകുട്ടി ഭർത്താവിന്റെ പുതിയ കാമുകിയെ ഫോണിൽ വിളിച്ച് തന്റെ കുടുംബജീവിതം തകർക്കരുതെന്നും, കഥാനായകനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും കരഞ്ഞപേക്ഷിക്കുകയും ചെയ്യുക പതിവായി.
പക്ഷേ, ഒരു നടൻ കൂടിയായ തന്റെ ആദ്യഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്വതന്ത്രയായിരുന്ന നടി ആ പെൺകുട്ടിയുടെ അഭ്യർത്ഥനയും കരച്ചിലുമൊന്നും കാണാനോ കേൾക്കാനോ കൂട്ടാക്കിയില്ല. മുൻനിര സംവിധാനങ്ങളുൾപ്പെടെയുള്ളവരുടെ ചിത്രങ്ങളിൽ നായികാവേഷം ചെയ്ത്, മികച്ച നടി എന്ന് പേരെടുത്തുകഴിഞ്ഞിരുന്ന അവർക്ക് ചേക്കേറാൻ ഒരു ചില്ല ആവശ്യമായിരുന്നു. ആരോഗ്യവും, സൗന്ദര്യവും, അഭിനയകഴിവും, സർവ്വോപരി ആരെയും ആകർഷിക്കുവാൻ പോന്ന സംസാരമിടുക്കുമൊക്കെയുള്ള കഥാനായകനെ അങ്ങനങ്ങ് വിട്ടുകൊടുക്കുവാൻ അവർ തയ്യാറായിരുന്നില്ലപോലും. ഈ ഒരു സാഹചര്യത്തിലാണ് ആ പെൺകുട്ടിയുടെ ഫോൺകോളുകൾ 'നാന' ഓഫീസിലെത്തുന്നത്. ഫോൺകോളുകൾ എന്നുപറയുവാൻ കാരണം, അത് നിരന്തരമായ വിളിയായിരുന്നു. 'നാന'യുടെ മാനേജിംഗ് എഡിറ്ററെ എല്ലാദിവസവും വിളിച്ച് ചലച്ചിത്ര നടൻകൂടിയായ ഭർത്താവിൽ നിന്ന് താനനുഭവിക്കുന്ന പീഡനങ്ങളും, ടിയാന്റെ പരസ്ത്രീബന്ധവുമൊക്കെ പറഞ്ഞ് ആ പെൺകുട്ടി തന്റെ വിഷമങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കുമായിരുന്നു. അപ്പോഴൊക്കെയും ആ വിവരം മറ്റ് ചില രീതികളിൽ, നാനാ മാനേജിംഗ് എഡിറ്റർ കഥാനായകനോട് സംസാരിക്കുകയും ചെയ്യുമായിരുന്നു.
അങ്ങനിരിക്കെയാണ് ഒരു ദിവസം പെൺകുട്ടി വിളിച്ച്, താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നു പറഞ്ഞത്. വിവരം തിരക്കിയപ്പോൾ, അത്രനാളും വീടിന് പുറത്തുമാത്രം ഉണ്ടായിരുന്ന, നേരത്തെ പറഞ്ഞ നായിക നടിയുമായുള്ള ബന്ധം ഇപ്പോൾ വീട്ടിലേക്കും മാറ്റിയിരിക്കുകയാണെന്നും, അവരേയും കൂട്ടി പരസ്യമായി വീട്ടിൽ വരികയും, താൻ നോക്കി നിൽക്കെ അവരുമായി ബെഡ്‌റൂമിൽ കയറി കതകടയ്ക്കുക പതിവാണെന്നുമായിരുന്നു പാവം പെൺകുട്ടി കരഞ്ഞുകൊണ്ടുപറഞ്ഞത്.
അവരെ പറഞ്ഞ് സമാധാനിപ്പിച്ച മാനേജിംഗ് എഡിറ്റർ അപ്പോൾതന്നെ കഥാനായകനെ വിളിച്ച് അയാളുടെ ഭാര്യ തന്നോട് ഫോണിൽ പറഞ്ഞ കാര്യങ്ങൾ പറയുകയും, എത്രയും പെട്ടെന്ന് എന്തെങ്കിലും മാർഗ്ഗം കണ്ടെത്തിയില്ലെങ്കിൽ പെൺകുട്ടി വല്ല കടുംകയ്യും കാട്ടുമെന്ന് അറിയിക്കുകയും ചെയ്തു.
അതിന് മറുപടിയായി, താൻ വേണ്ടത് ചെയ്യാമെന്ന് വാക്കുകൊടുത്തെങ്കിലും അയാളുടെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായില്ലെന്നുമാത്രമല്ല, നായിക നടിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുകയും ചെയ്തു.
ഒടുവിൽ ഒരു ദിവസം അത് സംഭവിച്ചു. ഏറെ പ്രതീക്ഷകളോടെ വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെച്ച ആ പാവം പെൺകുട്ടി, സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചശേഷം സ്വയം ജീവനൊടുക്കി.
എന്നിട്ട്? എന്നിട്ടെന്തുണ്ടാകാൻ. പാവം പെൺകുട്ടി ദാമ്പത്യപ്രശ്‌നങ്ങളാൽ സ്വയം ജീവൻ വെടിഞ്ഞെങ്കിലും ആദ്യനാളുകളിലെ ചില പ്രഹസനങ്ങൾക്ക് ശേഷം അന്വേഷണം അവസാനിപ്പിച്ച സംസ്ഥാന പോലീസ് അതിന്റെ പേരിൽ കഥാനായകന്റെ രോമത്തിൽപോലും തൊട്ടില്ല.
ആ ഒരു സാഹചര്യത്തിലാണ് ആ ദാരുണ സംഭവത്തിന്റെ നിജസ്ഥിതി പൊതുജനസമക്ഷം എത്തിക്കുവാനും, പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ കഥാനായകനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമായി, നാനയുടെ സഹോദരപ്രസിദ്ധീകരണമായ 'കേരളശബ്ദ'ത്തിന്റെ ലേഖകനായ ഞാനും ഫോട്ടോഗ്രാഫർ കൃഷ്ണൻകുട്ടിയും കൂടി എറണാകുളത്തേക്ക് പോയത്.
ഞങ്ങളാദ്യം പോയത് പെൺകുട്ടിയുടെ വീട്ടിലേക്കായിരുന്നു. സംസ്‌ക്കാര സമ്പന്നമായ ഒരു കുടുംബം, നേരത്തെക്കൂടി അറിയിച്ചതനുസരിച്ച് പെൺകുട്ടിയുടെ സഹോദരനും മറ്റ് ചില ബന്ധുക്കളും ഞങ്ങളെ പ്രതീക്ഷിച്ച് അവിടെ നിൽപ്പുണ്ടായിരുന്നു. കേവലം ഒരു ബിസ്‌ക്കറ്റ് കമ്പനിയുടെ സെയിൽസ് റെപ്രസേന്റേറ്റീവ് മാത്രമായിരുന്ന കഥാനായകനുമായി തന്റെ സഹോദരിയുടെ വിവാഹം നടത്തേണ്ടിവന്ന സാഹചര്യം മുതൽ ഒടുവിൽ അവൾ ആത്മഹത്യ ചെയ്തതുവരെയുള്ള കാര്യങ്ങൾ ഒന്നൊന്നായി ആ മനുഷ്യൻ പറഞ്ഞതുകേട്ടപ്പോൾ കഥാനായകൻ എങ്ങനെയുള്ള ആളാണെന്ന് ചിന്തിച്ചുപോയി. സ്വന്തം ഭാര്യയുടെ മുന്നിൽ വച്ച് ഒരന്യ സ്ത്രീയുമായി കാമകേളികളാടി. ആ നികൃഷ്ടജീവി. ഒടുവിൽ അത് സഹിക്കവയ്യാതെ പാവം ഭാര്യ ആത്മഹത്യ ചെയ്തിട്ടും ആ നായികനടിയുമായുള്ള ബന്ധം ഒട്ടും കുറയ്ക്കുവാൻ അയാൾ തയ്യാറായില്ലെന്ന് സഹോദരൻ വേദനയോടെ പറഞ്ഞു.
ആ മനുഷ്യൻ പിന്നെയും ഒരുപാട് കാര്യങ്ങൾ പറഞ്ഞു, അതൊക്കെ വച്ച് വീട്ടുകാർ പോലീസിൽ എത്തി പരാതി നൽകിയെങ്കിലും ഒരു സിനിമാനടൻ എന്നുള്ള പരിവേഷം ഉള്ളതിനാൽ അയാൾക്ക് വേണ്ടി രംഗത്തുവരാൻ പല ഉന്നതരും തയ്യാറായി. അങ്ങനെ കേസ് ഇഴഞ്ഞുനീങ്ങി ഒടുവിൽ ഇല്ലാതായി എന്നുപറഞ്ഞാൽ മതിയല്ലോ.
പെൺകുട്ടിയുടെ വീട്ടിൽ നിന്നിറങ്ങിയ ഞങ്ങൾ കഥാനായകന് ഫോൺ ചെയ്തു. 'നാന'യുടെ ഫോട്ടോഗ്രാഫറായ കൃഷ്ണൻ കുട്ടിക്ക് കഥാനായകനെ നല്ല പരിചയമുണ്ടായിരുന്നതിനാൽ, കൃഷ്ണൻകുട്ടിയെക്കൊണ്ടാണ് വിളിപ്പിച്ചത്. കാര്യങ്ങൾ പറഞ്ഞപ്പോൾ അടുത്തദിവസം ബി.ടി.എച്ചിൽ(ഭാരത് ടൂറിസ്റ്റ് ഹോം) വച്ച് കാണാം എന്നുപറഞ്ഞു.
അതേത്തുടർന്ന് അന്ന് ബി.ടി.എമ്മിൽ മുറിയെടുത്തു താമസിച്ച ഞങ്ങൾ പിറ്റേന്ന് രാവിലെ 10 മണിക്ക് വീണ്ടും വിളിച്ചു. അരമണിക്കൂറിനകം എത്താമെന്നായിരുന്നു മറുപടി. എന്നാൽ ആ അരമണിക്കൂറിനുള്ളിൽ ചില അട്ടിമറികൾ നടന്നു. അയാളെ കാത്ത് ഞങ്ങൾ ബി.ടി.എച്ചിൽ ഇരിക്കുമ്പോൾ 'നാന'യുടെ ഓഫീസിലേക്ക് വിളിച്ച് മാനേജിംഗ് എഡിറ്ററോട് തന്റെ നിരപരാധിത്വം കരഞ്ഞുപറയുകയായിരുന്നു ഈ നടൻ.
ആ സംഭാഷണം തീർത്തയുടൻ എന്നേയും കൃഷ്ണൻകുട്ടിയേയും തേടിയെത്തിയ കാൾ 'നാന'യിൽ നിന്നായിരുന്നു. മടങ്ങിപ്പോരൂ എന്ന ഫോൺകോൾ ആയിരുന്നു ഞങ്ങളെ തേടിയെത്തിയത്. മടങ്ങിവന്നപ്പോളറിഞ്ഞു, ആത്മഹത്യ ചെയ്യാൻ പോകുന്നതിന് മുമ്പ് ആ പാവം പെൺകുട്ടി ഓഫീസിലേക്ക് വിളിച്ചുകരഞ്ഞു പറഞ്ഞതിന്റെ പലമടങ്ങ് കരച്ചിലാണത്രേ ആ നടൻ നടത്തിയത്.
അയാളിന്നിപ്പോൾ നിയമത്തിന് മുന്നിലാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ആദ്യം അമ്പുതറച്ചവരുടെ കൂട്ടത്തിൽ ഈ നടനും ഉണ്ട്. സ്ഥാനം രാജിവച്ചവരുടെ കൂട്ടത്തിലും ഈ നടനുണ്ട്. ഇനിയൊരുപക്ഷേ ഇയാൾ ശിക്ഷിക്കപ്പെട്ട് ജയിലിലായി എന്നുംവരാം.
ഇതൊക്കെ കാണുമ്പോൾ അൽപ്പം വൈകിയിട്ടാണെങ്കിലും, ഒന്നിലല്ലെങ്കിൽ മറ്റൊന്നിൽ കുറ്റവാളി ശിക്ഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. കാരണം 24 മണിക്കൂർ നേരം ബി.ടി.എച്ചിൽ ഞങ്ങളെ കാത്തിരുത്തിച്ചശേഷം മിടുക്കുകാട്ടിയവനാണല്ലോ ഇയാൾ. അപ്പോഴും പക്ഷേ കുറ്റബോധം കൊണ്ട് ശിരസ് താണുപോകുന്നു, ഇയാളെ അന്ന് തുറന്നുകാട്ടാൻ പറ്റിയില്ലല്ലോ എന്ന കുറ്റബോധം.