
തൃശ്ശൂർ: ട്രാൻസ്വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ എസ്.ആർ. ധന്യക്കെതിരെ പോലീസ് കേസ്. ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ അറിയപ്പെടുന്ന ധന്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ആറു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളും കേസിലുണ്ട്.
അധിക്ഷേപ പരാമർശത്തിന് പിന്നാലെ ദീപ്തി കല്യാണി തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ധന്യക്കെതിരെ കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരാമർശങ്ങളും കേസിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.
മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗത്തിൽ വാഹനം ഓടിച്ച സംഭവത്തിലും ധന്യക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ജൂലായ് ഒന്നിന് നടന്ന സംഭവത്തെ തുടർന്നാണ് ധന്യയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.










