
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു.
തുടർച്ചയായ മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ടയും കോട്ടയവും ജില്ലകളാണ് മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. ശബരിമല വനമേഖല ഉൾപ്പെടെ കനത്ത മഴ ലഭിച്ചതോടെ പമ്പാ നദീതടങ്ങളിലും സമീപ പ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്നു.
റാന്നി, ആറന്മുള എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തിരുവല്ല ടൗണിലെ പല ഭാഗങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കി. കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി എൻ.ഡി.ആർ.എഫിന്റെ അധിക സംഘം തിരുവല്ലയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.
ശബരിമല പാതയിലെ അട്ടത്തോട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. കോട്ടയം ജില്ലയിൽ മീനച്ചിൽ, മണിമല നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പാലാ–ഈരാറ്റുപേട്ട റോഡിലും ഭരണങ്ങാനം–പൈക റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ഇടുക്കിയിൽ തൊടുപുഴ, മൂവാറ്റുപുഴ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കട്ടപ്പന–കുമളി സംസ്ഥാനപാതയിലും വണ്ണപ്പുറം–ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി മാത്രമാണ് നടക്കുന്നത്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ മങ്കൊമ്പ്, പുളിങ്കുന്ന്, കൈനകരി, കാവാലം മേഖലകളിലും വെള്ളം കയറി. സംസ്ഥാനത്ത് ചിലയിടങ്ങളിൽ മിന്നൽ പ്രളയസമാന സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.










