11:23pm 13 August 2026
NEWS
കേരളത്തിൽ മഴ ശക്തമാകും; അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ്; തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും സാധ്യത
12/08/2026  06:12 PM IST
nila
കേരളത്തിൽ മഴ ശക്തമാകും; അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ്; തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കരയിലും കടലിലും ന്യൂനമർദ മേഖലകൾ രൂപപ്പെട്ടതിന്റെ സ്വാധീനമാണ് കേരളത്തിലെ മഴ വർധിക്കാൻ കാരണം. ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ–ബംഗ്ലാദേശ് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദം വരും ദിവസങ്ങളിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കും. മധ്യപ്രദേശിന് മുകളിലും ന്യൂനമർദം തുടരുകയാണ്.

ഇതിന്റെ സ്വാധീനത്തിൽ ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലാകും മഴ കൂടുതൽ ലഭിക്കാൻ സാധ്യത. നാളെയും മറ്റന്നാളും നിലവിലുള്ളതിനെക്കാൾ കൂടുതൽ പ്രദേശങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

രണ്ട് ദിവസങ്ങളിൽ യെല്ലോ അലർട്ട്

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴസാധ്യതയുടെ ഭാഗമായി വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13ന് കണ്ണൂർ, കാസർകോട് ജില്ലകളിലും ഓഗസ്റ്റ് 14ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

തീരത്ത് ഉയർന്ന തിരമാല; കടലാക്രമണ സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെ, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ, എറണാകുളം മുനമ്പം മുതൽ മറുവക്കാട് വരെ, തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ തീരങ്ങളിലാണ് മുന്നറിയിപ്പ്.

ഓഗസ്റ്റ് 13ന് പുലർച്ചെ 2.30 വരെ 1.0 മീറ്റർ മുതൽ 1.6 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

തിരമാല ശക്തമായ സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയിലേക്ക് അടുപ്പിക്കുന്നതും അപകടകരമാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകളിലെ വിനോദസഞ്ചാരമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img