04:16pm 28 June 2026
NEWS
ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
28/06/2026  03:02 PM IST
NILA
ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് തുടരുകയാണ്.

കണ്ണൂരും കാസർകോടും നാളെയും ഓറഞ്ച് അലർട്ടിലാണ്. ബുധനാഴ്ച വരെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിലും ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

അരുവിക്കര ഡാമിന്‍റെ ​ ഷട്ടറുകൾ ഉയർത്തും

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് മഞ്ഞ അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്‍റെ  രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ ഇന്ന് (ജൂൺ 28) വൈകിട്ട് 4 മണിക്ക് 10 സെന്റിമീറ്റർ വീതം കൂടി ഉയർത്തും. കഴിഞ്ഞ ദിവസം ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 80 സെന്റിമീറ്റർ ഉയരത്തിലാകും ഷട്ടറുകൾ തുറക്കുക. ഡാമിന് സമീപമുള്ള പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ. നിസ അറിയിച്ചു.

 
 
 

 

 
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img