08:23am 03 August 2026
NEWS
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി
03/08/2026  06:32 AM IST
nila
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുയുന്നില്ല. രാത്രിയിലും വിവിധ ജില്ലകളിൽ ശക്തമായ മഴ പെയ്തതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള ദുരന്തങ്ങൾ തുടരുകയാണ്. ഇന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആറുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 15 ആയി ഉയർന്നു. ഇതിൽ 11 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ കടലിൽ വള്ളം മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുകയാണ്.

സംസ്ഥാനത്ത് 273 ദുരിതാശ്വാസ ക്യാംപുകളിലായി 7,674 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. കനത്ത മഴയിൽ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നതായും സർക്കാർ വ്യക്തമാക്കി.

പത്തനംതിട്ടയിലെ റാന്നി, കോട്ടയത്തെ പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിന്റെ തോത് കുറഞ്ഞ് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നത് പുതിയ ആശങ്ക സൃഷ്ടിക്കുകയാണ്.

എറണാകുളം പെരുമ്പാവൂർ കുറുപ്പംപടി മേതല മരോട്ടിക്കടവ് കൊറ്റംകുളത്ത് ശനിയാഴ്ച രാത്രി വൻ മണ്ണിടിച്ചിൽ ഉണ്ടായി. കാസർകോട് ചെമ്പോത്തുമലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഏക്കറുകണക്കിന് കൃഷിഭൂമി നശിച്ചു.

മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img