11:33am 21 September 2026
NEWS
മുന്നറിയിപ്പില്ലാതെ കുതിച്ചെത്തിയ മലവെള്ളം; കേരളത്തിൽ 6 മരണം; 4 പേരെ കാണാനില്ല
21/09/2026  05:54 AM IST
nila
മുന്നറിയിപ്പില്ലാതെ കുതിച്ചെത്തിയ മലവെള്ളം; കേരളത്തിൽ 6 മരണം; 4 പേരെ കാണാനില്ല

കോട്ടയം: അപ്രതീക്ഷിതമായി എത്തിയ കനത്ത മഴ കേരളത്തിൽ ദുരന്തം വിതച്ചു. മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലിലുമായി ആറ് പേർ മരിച്ചു. നാല് പേരെ കാണാതായി. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മരണങ്ങളും ആളുകളെ കാണാതായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രത നിർദേശം തുടരുന്നു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.45നാണ് ഏറ്റവും പുതിയ അറിയിപ്പ് പുറത്തുവന്നത്.

മൂന്നാർ വട്ടവടയിൽ മഴയ്ക്കിടെ ഉണ്ടായ മണ്ണിടിച്ചിലാണ് രണ്ട് ജീവനുകൾ കവർന്നത്. കൊട്ടാക്കമ്പൂർ വില്ലേജിലെ അമ്മൻകോവിലിന് സമീപം കൃഷിയിടത്തിലെ ഷെഡിലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടം.

ബാലകൃഷ്ണൻ പെരുമാൾ (51), അയൽവാസി സി. ചിന്നമ്മാൾ (38) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ (45) ഗുരുതരമായി പരുക്കേറ്റ് മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. വീട്ടിൽനിന്ന് 100 മീറ്ററോളം അകലെയുള്ള കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ മഴ ശക്തമായതോടെ മൂവരും ഷെഡിനുള്ളിൽ കയറിയിരുന്നു. ഇതിനിടെയാണ് ഏകദേശം 20 അടി ഉയരത്തിൽനിന്ന് മണ്ണ് ഇടിഞ്ഞ് ഷെഡിന് മുകളിലേക്ക് പതിച്ചത്.

മലപ്പുറം അമരമ്പലം ടി.കെ കോളനി കോട്ടപ്പുഴയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലാണ് മറ്റൊരു ദുരന്തത്തിന് കാരണമായത്. രണ്ട് പേർ മരിച്ചു. നാല് പേരെ കാണാതായതായി വിവരം.

തിരൂർ സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ മാങ്ങാടൻ അനസ് (27) മരിച്ചവരിൽ ഒരാളാണെന്ന് തിരിച്ചറിഞ്ഞു. ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന മറ്റൊരു പുരുഷന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.

കാണാതായവരിൽ മൂന്ന് പേർ വിനോദസഞ്ചാരികളാണെന്നാണ് പ്രാഥമിക വിവരം. ടി.കെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത (26)യും കാണാതായിട്ടുണ്ട്. പുഴക്കടവിൽ വസ്ത്രം അലക്കുന്നതിനിടെയാണ് സജിത ഒഴുക്കിൽപ്പെട്ടത്.

അവധി ദിവസമായതിനാൽ ഇന്നലെ വൈകിട്ട് നിരവധി പേർ പുഴയിൽ കുളിക്കാനെത്തിയിരുന്നു. പ്രദേശത്ത് മഴയില്ലാതിരുന്ന സമയത്താണ് ഉൾവനത്തിൽ പെയ്ത ശക്തമായ മഴയുടെ വെള്ളം പെട്ടെന്ന് കുതിച്ചെത്തിയത്. നിമിഷങ്ങൾക്കുള്ളിൽ പുഴയിലെ ജലനിരപ്പ് ഉയർന്നു.

നാട്ടുകാരുടെ ഇടപെടലിൽ നിരവധി പേരെ കരയിലെത്തിച്ചെങ്കിലും നാൽപതോളം പേർ പലയിടങ്ങളിലായി പാറകളിൽ കുടുങ്ങി. കയറും വടവും ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള പൊട്ടിക്കല്ല് തടയണയ്ക്ക് താഴെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്.

കോട്ടയം മലയോര മേഖലയിലും മഴ ദുരന്തം വിതച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 80കാരനായ ചേലകാട്ട് ജോസഫ് മരിച്ചു. വൈകിട്ട് ഏഴോടെയായിരുന്നു അപകടം.

ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവർക്ക് പരുക്കേറ്റു. സമീപത്തെ വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു.

ഈരാറ്റുപേട്ട–വാഗമൺ റോഡിൽ മണ്ണിടിഞ്ഞ് സ്കൂട്ടറിന് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ചെന്നൈ ജവാഹർ നഗർ സ്വദേശിനി സംഗീത അരുൾലാൽ (35) മരിച്ചു. വാഗമൺ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന യുവതി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. ദുരന്തനിവാരണ അതോറിറ്റി കമ്മിഷണർ വിഗ്നേശ്വരി ഐ.എ.എസ് ഇടുക്കി, കോട്ടയം ജില്ലാ കലക്ടർമാരുമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ഇടുക്കി, കോട്ടയം ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി എസ്എംഎസ് അലർട്ടുകൾ നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

നിലമ്പൂർ അമരമ്പലം ടി.കെ കോളനി മേഖലയിലും അഞ്ച് പേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിടേക്ക് ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ അടിയന്തരമായി വിന്യസിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

മലയോര മേഖലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ പുഴകൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img