03:09pm 20 July 2026
NEWS
ജമ്മുവിൽ മഴക്കെടുതി രൂക്ഷം; മരണം 11 ആയി, നിരവധി പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു
19/07/2026  03:57 PM IST
NILA
ജമ്മുവിൽ മഴക്കെടുതി രൂക്ഷം; മരണം 11 ആയി, നിരവധി പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

 

രജൗരി: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച രാത്രി മണിക്കൂറുകളോളം പെയ്ത ശക്തമായ മഴ നദികൾ കരകവിഞ്ഞൊഴുകാൻ ഇടയാക്കിയതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.

പോലീസ്, സൈന്യം, ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും കാണാതായവർക്കായുള്ള തിരച്ചിലിനും മുൻഗണന നൽകുന്നുണ്ട്.

സ്ഥിതിഗതികൾ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നേരിട്ട് നിരീക്ഷിച്ചുവരികയാണ്. പ്രളയബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് ഇരുവരും അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി.

പ്രളയം മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. രജൗരിയിലെ പുതിയ ബസ് സ്റ്റാൻഡിന് കേടുപാടുകൾ സംഭവിക്കുകയും നിരവധി വാഹനങ്ങൾ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് അമർനാഥ് യാത്രയും വൈഷ്ണോ ദേവി തീർഥാടനവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

അതേസമയം, ചെനാബ് നദിയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നതിനെ തുടർന്ന് റിയാസി ജില്ലയിലെ സലാൽ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ജൂലൈ 23 വരെ ജമ്മു കശ്മീരിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ വിവിധ ജില്ലകളിൽ കൺട്രോൾ റൂമുകളും പ്രത്യേക രക്ഷാപ്രവർത്തന സംഘങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img