09:28am 10 November 2026
NEWS
ശക്തമായ മഴ; മൂന്നു ജില്ലകളിലും രണ്ട് താലൂക്കുകളിലും ഇന്ന് അവധി
26/06/2025  07:30 AM IST
nila
ശക്തമായ മഴ; മൂന്നു ജില്ലകളിലും രണ്ട് താലൂക്കുകളിലും ഇന്ന് അവധി

കേരളത്തിൽ ശക്തമായ മഴ തുടരുന്നു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

കനത്ത മഴയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടു ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കേരളാ തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. മറ്റന്നാൾ വരെ മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.


അതേസമയം, വയനാട്ടിൽ മഴ ശക്തമായി തുടരുകയാണ്. കനത്ത മഴയിൽ കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുൻ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂർ അംഗനവാടിയിലേക്ക് മാറ്റിയത്.ശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും.രാത്രി പതിനൊന്നരയോടെ നൂൽപ്പുഴ പഞ്ചായത്ത് അധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img