12:02am 22 October 2026
NEWS
കേരളത്തിൽ മഴ കനക്കും; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്; പലയിടത്തും വെള്ളക്കെട്ട്
21/10/2026  07:43 AM IST
nila
കേരളത്തിൽ മഴ കനക്കും; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്; പലയിടത്തും വെള്ളക്കെട്ട്

തിരുവനന്തപുരം: തുലാവർഷം ശക്തമായതോടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയിലുണ്ടായ മഴയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. വീടുകളിലും കടകളിലും വെള്ളം കയറിയതോടെ ജനജീവിതവും തടസ്സപ്പെട്ടു.

തലസ്ഥാന ജില്ലയിൽ മലയോര, തീരദേശ മേഖലകളിലാണ് മഴക്കെടുതി കൂടുതൽ അനുഭവപ്പെട്ടത്. പലയിടങ്ങളിലും വീടുകൾക്കുള്ളിൽ വെള്ളം കയറി. നദികളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കൊല്ലത്തും ശക്തമായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചാത്തന്നൂരിൽ സർവീസ് റോഡിൽ വെള്ളം കയറിയതോടെ കാർ പകുതിയോളം മുങ്ങി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ദേശീയപാത 66-ലും കരുനാഗപ്പള്ളി, കുണ്ടറ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഏഴുകോണിൽ ഇടിമിന്നലേറ്റ് യുവാവിന് പൊള്ളലേറ്റു. മിന്നലിൽ വീടുകളിലെ വൈദ്യുത ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

നാളെയും എട്ട് ജില്ലകളിൽ ജാഗ്രത

മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലുള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.

ന്യൂനമർദ്ദ സാധ്യതയും മഴയ്ക്ക് അനുകൂലം

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തായ്‌ലൻഡ് കടലിടുക്കിലും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ഈ സാഹചര്യങ്ങൾ സംസ്ഥാനത്ത് മഴ ശക്തമായി തുടരാൻ അനുകൂലമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img