07:52pm 18 May 2026
NEWS
കേരളത്തിൽ ഇന്നും ശക്തമായ മഴ; ജാ​ഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ..
18/05/2026  05:09 PM IST
nila
കേരളത്തിൽ ഇന്നും ശക്തമായ മഴ; ജാ​ഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ  യെലോ അലർട്ടും നിലവിലുണ്ട്. നാളെയും നിരവധി ജില്ലകളിൽ യെലോ അലർട്ട് തുടരുമെന്നാണ് മുന്നറിയിപ്പ്. 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥ വകുപ്പ് നിർവചിക്കുന്നത്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാനാണ് സാധ്യത. തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടൽ, കന്യാകുമാരി മേഖല, ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിച്ചതായാണ് റിപ്പോർട്ട്.

ഈ വർഷം മേയ് 26ഓടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് വിലയിരുത്തൽ. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണമാകുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോൾ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img