
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ സെപ്റ്റംബർ 25 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമിടയിലാണ് നിലവിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും.
തുടർന്ന് ന്യൂനമർദ്ദം ഇതേ ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23 രാത്രി മുതൽ 24 പുലർച്ചെയോടെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിലൂടെ കരതൊടാനാണ് സാധ്യത.
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബർ 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
സെപ്റ്റംബർ 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും സെപ്റ്റംബർ 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് ഈ ജില്ലകളിൽ സാധ്യത. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.










