
ദോഹ: രാജ്യത്ത് ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ, ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. മഴവെള്ളം നീക്കം ചെയ്യുന്നതിനായുള്ള വാട്ടർ ടാങ്കറുകൾ പൂർണ്ണ സജ്ജമാണെന്നും യൂണിഫൈഡ് ഓപ്പറേഷൻസ് സെന്റർ വഴി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വ്യാഴാഴ്ച എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) എന്നിവയുമായി സഹകരിച്ച് സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാനും ഗതാഗത തടസ്സമില്ലാതെ ഉറപ്പാക്കാനും ദ്രുതകർമ്മ സേനയെ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾക്കും റിപ്പോർട്ടുകൾക്കും ഉടനടി മറുപടി നൽകാൻ സംവിധാനമൊരുക്കി.പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ പ്രധാന പാതകളിലെ സുഗമമായ ഗതാഗതം നിലനിർത്തുന്നതിനും മുൻഗണന നൽകുന്നു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഈ ദ്രുത നീക്കം.











