04:38pm 05 June 2026
NEWS
സംസ്ഥാനത്ത് മഴ കനക്കുന്നു; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പകർച്ചവ്യാധി വ്യാപനത്തിലും ആശങ്ക
05/06/2026  07:13 AM IST
nila
സംസ്ഥാനത്ത് മഴ കനക്കുന്നു; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പകർച്ചവ്യാധി വ്യാപനത്തിലും ആശങ്ക

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്.

വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. അതിനാൽ മലയോര മേഖലയിലും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സുരക്ഷിതമല്ലാത്ത വീടുകളിലും ദുർബലമായ മേൽക്കൂരകളുള്ള വീടുകളിലും കഴിയുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, മഴ ശക്തമായതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികളും വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 10,121 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറവും കോഴിക്കോടുമാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ള ജില്ലകൾ.

മലപ്പുറത്ത് 2,140 പേർക്കും കോഴിക്കോട് 1,080 പേർക്കും പനി സ്ഥിരീകരിച്ചു. പാലക്കാട് 973, തിരുവനന്തപുരം 770, കാസർകോട് 705, എറണാകുളം 701 എന്നിങ്ങനെയും ഉയർന്ന രോഗബാധ റിപ്പോർട്ട് ചെയ്തു. വൈറൽ പനിയാണ് കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടാതെ 59 പേർ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

മഴക്കാലവുമായി ബന്ധപ്പെട്ട മഞ്ഞപ്പിത്തം, എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ വ്യാപനവും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. വ്യക്തിശുചിത്വം കർശനമായി പാലിക്കുകയും കുടിവെള്ളം തിളപ്പിച്ച് മാത്രം ഉപയോഗിക്കുകയും ചെയ്യണമെന്നും ആരോഗ്യവകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img