03:21pm 10 November 2026
NEWS
വടക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശത്തും ജാഗ്രത
07/07/2026  06:49 AM IST
nila
വടക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശത്തും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് മുന്നറിയിപ്പിലുള്ളത്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ യെല്ലോ അലർട്ട് തുടരുകയാണ്.

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദപാത്തി നിലനിൽക്കുന്നതും തെക്കൻ ജാർഖണ്ഡിനും സമീപ വടക്കൻ ഒഡീഷയ്ക്കും മുകളിലായി തീവ്രന്യൂനമർദം രൂപപ്പെട്ടിരിക്കുന്നതുമാണ് മഴ ശക്തമാകാൻ പ്രധാന കാരണം. ഈ ന്യൂനമർദം ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ്, കിഴക്കൻ മധ്യപ്രദേശ് മേഖലകളിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ജൂലൈ 10 വരെ കേരളത്തിലും മാഹിയിലും വ്യാപകമായി നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നും ജൂലൈ 8 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ, ചിലയിടങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഉയർന്ന തിരമാല; മത്സ്യബന്ധനത്തിന് വിലക്ക്

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില തീരപ്രദേശങ്ങളിൽ നാളെ രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെയും കർണാടക തീരത്ത് ജൂലൈ 10 വരെയും മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ബന്ധപ്പെട്ട അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img