
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്കും മണിക്കൂറിൽ ഉയർന്ന വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പിലാണ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചത്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
- ജൂലൈ 6: കണ്ണൂർ, കാസർകോട്
- ജൂലൈ 7: കോഴിക്കോട്, കണ്ണൂർ, കാസർകോട്
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
- ജൂലൈ 4: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
- ജൂലൈ 5: കോഴിക്കോട്, കണ്ണൂർ, കാസർകോട്.
- ജൂലൈ 6: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
- ജൂലൈ 7: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്.
- ജൂലൈ 8: ഇടുക്കി മുതൽ കാസർകോട് വരെയുള്ള ഒമ്പത് ജില്ലകൾ.
മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലും നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ബന്ധപ്പെട്ട അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
അപകടസാധ്യതയുള്ള മേഖലകളിലുള്ളവർ രാത്രിയാകുന്നതിന് മുമ്പ് തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ തയ്യാറാകണം. ആവശ്യമായ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുമായും റവന്യൂ അധികൃതരുമായും ബന്ധപ്പെടണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.










