05:10pm 11 November 2026
NEWS
‘മോൻതാ’ കര ലക്ഷ്യമാക്കി നീങ്ങുന്നു; കേരളത്തിൽ ഇന്ന് വ്യാപക മഴ
27/10/2025  08:53 AM IST
nila
 ‘മോൻതാ’ കര ലക്ഷ്യമാക്കി നീങ്ങുന്നു; കേരളത്തിൽ ഇന്ന് വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഒക്ടോബർ 28 വരെ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. കർണാടകയും ലക്ഷദ്വീപ് തീരപ്രദേശങ്ങളും ഒക്ടോബർ 29 വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്.

അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ്. ‘മോൻതാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ചെന്നൈയിലും സമീപ ജില്ലകളിലും ഇന്ന് കനത്ത മഴയ്ക്കാണ് സാധ്യത. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പെട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ചിലയിടങ്ങളിൽ ഇടിയും മിന്നലോടും കൂടിയ മഴ പെയ്യാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെങ്കൽപെട്ട്, വില്ലുപുരം ജില്ലകളിൽ ചിലയിടങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നു.

ചെന്നൈയുടെ തെക്കുകിഴക്കായി ഏകദേശം 750 കിലോമീറ്റർ അകലെയായി നിലകൊള്ളുന്ന ചുഴലിക്കാറ്റ് വടക്ക്–പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. നാളെ വൈകിട്ട് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കരതൊടുമെന്നാണ് പ്രവചനം. കരയിൽ കടക്കുമ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനാണ് സാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img