
കേരളത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
'കള്ളക്കടൽ' പ്രതിഭാസത്തെത്തുടർന്ന് കേരള തീരത്ത് കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി 11.30 വരെ തീരത്ത് 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിക്കാൻ സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കടുത്ത ജാഗ്രത പാലിക്കണം.
കന്യാകുമാരി തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും, ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനു മുകളിലും, മധ്യ-കിഴക്കൻ/തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലുമായി രണ്ട് ഉപരിതല ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഇതാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം.
വരുന്ന തിങ്കളാഴ്ച (ജൂൺ 1) വരെ കേരളം, മാഹി, ലക്ഷദ്വീപ് മേഖലകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും ഉണ്ടായേക്കാം. പ്രധാനമായും നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ വ്യക്തമാക്കി.










