
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും പ്രളയസാഹചര്യവും കണക്കിലെടുത്ത് പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 3 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിൽ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ അറിയിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ തുടരുന്ന കനത്ത മഴയും വെള്ളക്കെട്ടും പ്രളയസാഹചര്യവും പരിഗണിച്ചാണ് തീരുമാനം.
അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് കണ്ണൂർ ജില്ലയിലും തിങ്കളാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അവധി പ്രഖ്യാപിച്ചു.
കണ്ണൂരിൽ ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ജില്ലാ ഭരണകൂടത്തിന്റെ തുടർ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.











