11:21am 03 August 2026
NEWS
ശക്തമായ മഴ; 12 ജില്ലകളിൽ ഇന്ന് അവധി
03/08/2026  07:16 AM IST
nila
ശക്തമായ മഴ; 12 ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നേരത്തെ ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് മാത്രമായിരുന്നു തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മഴയുടെ തീവ്രതയും കാലാവസ്ഥാ മുന്നറിയിപ്പും കണക്കിലെടുത്ത് ഇന്ന് പുലർച്ചെ 6 മണിയോടെയാണ് ജില്ല മുഴുവൻ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

ഇതോടെ സംസ്ഥാനത്ത് ഇന്ന് ആകെ 12 ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴയും പട്ടികയിൽ ഉൾപ്പെട്ടത്.

അതേസമയം, ഇന്ന് പുലർച്ചെ 4 മണിക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കേരളത്തിലെ എല്ലാ ജില്ലകൾക്കും ഇന്ന് നേരത്തേ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ, മഴ ശക്തിപ്രാപിച്ച മേഖലകളിലാണ് ഓറഞ്ച് അലർട്ട് കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെയും കാലാവസ്ഥാ വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img