
അതിർത്തിയിൽ പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും സൈനികർ ഏറ്റുമുട്ടിയെന്ന് റിപ്പോർട്ട്. പാക് സൈനിക പോസ്റ്റുകൾക്കു നേരേ അഫ്ഗാൻ സൈനികർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പാകിസ്താൻ തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് ഏഴു പ്രവിശ്യകളിൽ അഫ്ഗാൻ സൈന്യം ആക്രമണം നടത്തുകയായിരുന്നു.
രാത്രിയിലെ ഓപ്പറേഷനുകളിൽ നിരവധി പാകിസ്താൻ ഔട്ട്പോസ്റ്റുകൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. ഡ്യൂറണ്ട് ലൈനിന് കുറുകെയുള്ള രണ്ട് പാക് ഔട്ട്പോസ്റ്റുകൾ നശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. അഫ്ഗാൻ സൈനികർ തങ്ങളുടെ പോസ്റ്റുകൾ ലക്ഷ്യമാക്കി ആക്രമിച്ചെന്നും തിരിച്ചടിച്ചെന്നും പാക് വൃത്തങ്ങൾ വ്യക്തമാക്കി.
'താലിബാൻ സൈന്യം നിരവധി അതിർത്തി പോയിന്റുകളിൽ വെടിയുതിർക്കാൻ തുടങ്ങി. അതിർത്തിയിലെ നാല് സ്ഥലങ്ങളിൽ ഞങ്ങൾ തിരിച്ചടിച്ചു. ഞങ്ങളുടെ പ്രദേശത്തേക്ക് താലിബാനിൽ നിന്നുള്ള ഒരു ആക്രമണവും അനുവദിക്കില്ല. പാക് സൈന്യം കനത്ത വെടിവെയ്പ് നടത്തി തിരിച്ചടിച്ചു', ഒരു പാക് സർക്കാർ ഉദ്യോഗസ്ഥൻ ഗാർഡിയനോട് പ്രതികരിച്ചു. വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനത്ത് രണ്ട് സ്ഫോടനങ്ങളും തെക്കുകിഴക്കൻ അഫ്ഗാനിൽ ഒരു സ്ഫോടനവും റിപ്പോർട്ട് ചെയ്തു.











