01:49am 03 June 2026
NEWS
നിലമ്പൂരിൽ ചൂടുപിടിച്ച ചർച്ചകൾ; തന്ത്രങ്ങൾ, വി.എസ് ജോയി യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും എൽ.ഡി.എഫിന് പുതിയ സ്വതന്ത്രനും
18/02/2025  07:52 AM IST
നെല്ലിക്കുത്ത് ഹനീഫ
നിലമ്പൂരിൽ ചൂടുപിടിച്ച ചർച്ചകൾ; തന്ത്രങ്ങൾ, വി.എസ് ജോയി യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും എൽ.ഡി.എഫിന് പുതിയ സ്വതന്ത്രനും

നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള മുന്നൊരുക്കങ്ങളിലാണ് ഇരുമുന്നണികളും. രാഷ്ട്രീയ ബലാബലമുള്ള നിലമ്പൂർ മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് എൽ.ഡി.എഫിനും, യു.ഡി.എഫിനും ഒരുപോലെ അഗ്‌നിപരീക്ഷയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പും വിളിപ്പാടകലെ എത്തി നിൽക്കെ, ഇരുമുന്നണികളും കടുത്ത ബലപരീക്ഷണത്തിലാകും. മണ്ഡല ചരിത്രത്തിൽ മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് 1969-ലായിരുന്നു നിലമ്പൂരിലെ ആദ്യ ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസ്സ് നേതാവും മുൻമന്ത്രിയുമായ എം.പി ഗംഗാധരനാണ് അന്നിവിടെ വിജയിച്ചത്. 1980-ലെ പൊതുതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ വിജയിച്ച കോൺഗ്രസ്സിലെ സി ഹരിദാസ്, നായനാർ മന്ത്രിസഭയിൽ മന്ത്രിയായ ആര്യാടൻ മുഹമ്മദിന് മത്സരിക്കാനായി രാജിവെച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തുള്ള ആന്റണി കോൺഗ്രസ്സ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദും, കോൺഗ്രസ്സ്-ഐ നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിൽ ഏറ്റുമുട്ടി. 17,341 വേട്ടുകളുടെ ഭൂരിപക്ഷത്തിന് ആര്യാടൻ വിജയിച്ചു.  കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി പി.വി അൻവറിലൂടെ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് നിലമ്പൂർ. ഇപ്പോൾ നിയമസഭാ അംഗത്വം രാജിവെച്ച പി.വി അൻവർ ഇനി നിലമ്പൂരിൽ മത്സരിക്കില്ലെന്നും, യു.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, മണ്ഡലം തിരിച്ച് പിടിച്ച് ഭരണ പക്ഷത്തിന് പ്രഹരമേൽപ്പിക്കാനുള്ള അവസരമാണ് യു.ഡി.എഫി ന് കൈവരുന്നതും.

ഇത്തവണ നിലമ്പൂരിൽ യു.ഡി.എഫിന് അനുകൂല ഘടകങ്ങൾ ഏറെയുണ്ട് താനും. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലം യു.ഡി.എഫ് പിടിച്ചടക്കിയാൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ബാക്കി നിൽക്കെ അത് യു.ഡി.എഫിന് നൽകുന്ന ആത്മവീര്യം ഏറെ വലുതായിരിക്കും. അതേസമയം അൻവറിന്റെ രാജിയ്ക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ, മലപ്പുറം ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയിയെ നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കണമെന്ന അൻവറിന്റെ നിർദ്ദേശം യു.ഡി.എഫിനുള്ളിൽ തലവേദനയും സൃഷ്ടിക്കുന്നുണ്ട്. വി.എസ് ജോയിയെ സ്ഥാനാർത്ഥിയാക്കിയാൽ മലയോര കർഷകരുടെ പൂർണ്ണപിന്തുണ ജോയിക്ക് നേടാനാകും. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർദേശിച്ച അൻവറിന്റെ നടപടി മലപ്പുറത്തെ കോൺഗ്രസ്സിൽ ഒരു വിഭാഗത്തിന് നീരസമുണ്ടാക്കിയിട്ടുണ്ട്. അൻവറിന്റെ ഭാഷ്യത്തിൽ തെറ്റില്ലെന്നാണ് കെ.പി.സി.സി അധ്യക്ഷൻ സുധാകരനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞത്. നിലമ്പൂരിലെ സ്ഥാനാർത്ഥിയുടെ കാര്യം യു.ഡി.എഫ് ചർച്ച ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം, നിലവിലെ അസ്വാഭാവികമായ സാഹചര്യത്തെ തന്ത്രപരമായി കൈകാര്യം ചെയ്യുമെന്നും, അൻവറിന്റെ നിർദ്ദേശം തള്ളാനോ, കൊള്ളാനോ ഇല്ലെന്നും കൂട്ടിച്ചേർത്തു. വി.എസ്.ജോയി മത്സരിച്ചാൽ 40,000 വോട്ടിന് വിജയിക്കും. ആര്യാടൻ ഷൗക്കത്ത് സിനിമാ സാംസ്‌കാരിക പ്രവർത്തകൻ മാത്രമാണെന്നും, അദ്ദേഹത്തെ താൻ എവിടേയും കാണാറില്ലെന്നും അൻവർ തുറന്നടിച്ചിരുന്നു.

തന്റെ ബദ്ധവൈരി ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മത്സരിക്കുന്നതിന് തടയിടുകയാണ് അൻവർ ലക്ഷ്യമിടുന്നത്.  ഇത്തരത്തിലുള്ള അൻവറിന്റെ കരുനീക്കങ്ങൾ യു.ഡി. എഫിൽ പൊല്ലാപ്പുമാകും. വന്യജീവി ശല്യത്തിനും, വനം നിയമ ഭേദഗതിയ്ക്കുമെതിരെ പ്രക്ഷോഭരംഗത്തുള്ള ക്രിസ്ത്യൻ കുടിയേറ്റ ജനതയുടെ വോട്ട് ബാങ്കിൽ കണ്ണും നട്ടാണ്, നിലമ്പൂരിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്ന അൻവറിന്റെ ചാട്ടുളി പ്രയോഗമുണ്ടാകുന്നത്. യു.ഡി.എഫി ന് അങ്ങനെ തന്നെ അൻവറിന്റെ നിർദ്ദേശം അവഗണിയ്ക്കാനുമാകില്ല. കാരണം, ക്രിസ്ത്യൻ വിഭാഗങ്ങൾ അകന്നതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പുകളിലെ തിരിച്ചടിയ്ക്ക് കാരണമെന്ന് കോൺഗ്രസ്സ് പൊതുവിൽ വിലയിരുത്തിയതാണ്. പിണറായിയുടെ മൂന്നാം വരവ് തടയണമെങ്കിൽ ക്രിസ്ത്യൻ വോട്ട് ബാങ്ക് തിരിച്ച് പിടിക്കണമെന്നിരിക്കെ, നിലമ്പൂരിൽ ക്രിസ്ത്യൻ സ്ഥാനാർഥി വേണമെന്ന അൻവറിന്റെ ആവശ്യം എങ്ങനെ ഡീൽ ചെയ്യണമെന്നത് യു.ഡി.എഫിനുള്ളിൽ ചർച്ചയും നടക്കുന്നുണ്ട്.

സി.പി.എമ്മിലും

അസ്വസ്ഥത

അൻവറിന്റെ രാജിയോടനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിൽ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ താൻ നടത്തിയ കടന്നാക്രമണത്തിന് പിന്നിൽ സി.പി.എമ്മിലെ പ്രധാന നേതാക്കളുടെ അറിവും പിന്തുണയും ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ സി.പി.എമ്മിനുള്ളിലും തലവേദനയുളവാക്കിയിട്ടുണ്ട്. പാർട്ടിയേയും, സർക്കാറിനേയും കൈപ്പിടിയിലാക്കി പിണറായി വിജയനെതിരെ, അൻവർ തനിച്ച് പടയ്ക്കിറങ്ങില്ലെന്ന് അന്ന് തന്നെ പൊതുവിൽ സംശയമുയർന്നതായിരുന്നു. മുതിർന്ന നേതാക്കളുടെ പ്രോത്സാഹനം തനിക്കുണ്ടായിരുന്നുവെന്ന അൻവറിന്റെ അവകാശവാദം സി.പി.എം തള്ളിപ്പറഞ്ഞെങ്കിലും, അൻവർ പാർട്ടി നേതൃനിരയിൽ അവിശ്വാസത്തിന്റെ വിത്ത് വിതച്ചു എന്നത് വസ്തുത തന്നെയാണ്. പാർട്ടിക്കുള്ളിൽ അകമേ അക്കാര്യം നീറിപ്പുകയുന്നുമുണ്ട്. സമീപ ഭാവിയിൽ അതിന്റെ അനുരണം പുറത്തേയ്ക്ക് വന്നേക്കാനും സാധ്യത ഏറെയാണ്.

ഹീറോ പരിവേഷവും

മങ്ങലും

മുഖ്യമന്ത്രിയ്ക്കും, പോലീസിനുമെതിരെയുള്ള അൻവറിന്റെ നീക്കം വൻ രാഷ്ട്രീയ ശ്രദ്ധ നേടിയെങ്കിലും പിന്നീടുള്ള അൻവറിന്റെ ചുവടുകളെല്ലാം തന്നെ പാളുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും, പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കും, കേരളാ പോലീസിനുമെതിരെ ആഞ്ഞടിച്ചുകൊണ്ട് ശ്രദ്ധേയനായ പി.വി അൻവറിന് സ്വമേധയാ ഹീറോ പരിവേഷം കൈവന്നെങ്കിലും ക്രമേണ അത് അപ്രസക്തമാവുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കാണുന്നത്. യു.ഡി.എഫിൽ ചേരാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസ്സ് നേതൃത്വം മനസ്സ് തുറന്നില്ല. പാണക്കാട്ട് ചെന്ന് സാദിക്കലി തങ്ങളുമായും, കുഞ്ഞാലിക്കുട്ടിയുമായും സംസാരിച്ചെങ്കിലും അതിനും ഗുണഫലമുണ്ടായില്ല. ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷിയായ തമിഴ്‌നാട് ഡി.എം.കെ യിലും, മറ്റ് ദേശീയപ്പാർട്ടികളിലുമൊക്കെ ചേക്കേറാൻ നടത്തിയ ശ്രമവും വൃഥാവിലാവുകയായിരുന്നു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ അൻവർ സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും അതൊട്ടും ഗുണം ചെയ്തതുമില്ല. ഉപതെരഞ്ഞെടുപ്പ് വേളയിൽ പാലക്കാട് ലോറിയിൽ ആളെ കൊണ്ട് വന്നിറക്കി ശക്തിപ്രകടനഷോ നടത്താൻ ശ്രമിച്ചതോടെ അൻവറിന്റെ ഹീറോ പരിവേഷം നീർക്കുമിളയുമായി. പ്രതിഛായ പാടെ തകർന്നു. ഇതിനിടെ  നിലമ്പൂർ ഡി.എഫ്.ഒ ഓഫീസ് ആക്രമണത്തിൽ പ്രതി ചേർക്കപ്പെട്ട് ജയിലടക്കപ്പെട്ടതാണ് അൻവറിന് ജീവശ്വാസമായതും.

ഇതര കേസ്സുകളിൽ അൻവറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുള്ള സർക്കാർ ആലോചനകൾക്കിടയിലാണ്, നിലമ്പൂർ വനത്തിലെ ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട മണി എന്ന യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അൻവറിന്റെ നേതൃത്വത്തിൽ ഡി.എഫ്.ഒ ഓഫീസിന് മുമ്പിൽ പ്രതിഷേധം നടത്തിയതും, അത് പിന്നീട് വനംവകുപ്പ് ഓഫീസ് ആക്രമണത്തിൽ കലാശിക്കുകയും ചെയ്തതോടെ വീടുവളഞ്ഞ് അൻവറിനെ  പോലീസ് അറസ്റ്റ് ചെയ്ത് തവനൂർ സെൻട്രൽ ജയിലിലാക്കി. 24 മണിക്കൂറിനിടെ കാര്യങ്ങൾ തകിടം മറിഞ്ഞു. കേസ്സിൽ നിലമ്പൂർ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി അൻവറിന് ജാമ്യം അനുവദിച്ചു. അൻവർ വിഷയത്തിൽ നിയമപരമായല്ലാതെ, പക പോക്കലിന് തയ്യാറല്ലെന്ന നിലപാട് പോലീസിലെ ചില ഉന്നതർ കൈക്കൊണ്ടിരുന്നു എന്നതാണ് സൂചന. മാത്രമല്ല, അൻവറിനെ വീടു വളഞ്ഞ് തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന വികാരമാണ് മുതിർന്ന സി.പി.എം നേതാക്കൾക്കിടയിലുണ്ടായിരുന്നതും. അൻവറിനെ ഹീറോയാക്കി മാറ്റിയ അറസ്റ്റായിപ്പോയെന്ന നിലപാടായിരുന്നു, സർക്കാറിന്റെ ഘടകകക്ഷിയായ സി.പി.ഐക്കുണ്ടായിരുന്നത്.  നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചതോടെ അൻവറിന് വീണ്ടും ഹീറോ പരിവേഷം കൈവരികയും ചെയ്തു. വയനാട്ടിലും, കണ്ണൂരിലും, മലപ്പുറത്തും, പാലക്കാട്ടുമെല്ലാം വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, അൻവർ ഉയർത്തിപ്പിടിച്ച സാമൂഹ്യ വിഷയം സാധാരണക്കാരന്റേതാണ് എന്ന വികാരം പൊതുവിലുണ്ടായി. കർഷക സമൂഹത്തോടുള്ള വെല്ലുവിളിയാണ് അൻവറിന്റെ അറസ്റ്റെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ പ്രസ്താവിക്കുകയും ചെയ്തു. ആനയെ തടയാൻ ഉത്തരവാദപ്പെട്ട ഫോറസ്റ്റുകാർക്കെതിരെ കേസ്സില്ല. ആനയെത്തി മനുഷ്യനെ കൊന്നതിനും കേസ്സില്ല. എന്നാൽ പ്രതിഷേധിച്ചതിന് മാത്രം കേസ്സെടുത്തിരിക്കുന്നു. ഇത് അനീതിയാണ്. ബിഷപ്പ് പറഞ്ഞു. തന്നെ ജയിലിലടച്ച സംഭവത്തിൽ, തനിയ്ക്കനുകൂലമായി നിലകൊണ്ട യു.ഡി.എഫിന് നന്ദി അറിയിക്കുന്നതായും, തന്നെ യു.ഡി.എഫിലേക്ക് എടുക്കണോ എന്ന കാര്യം യു.ഡിഎഫ് നേതാക്കൾക്ക് തീരുമാനിക്കാമെന്നും അൻവർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

തൃണമൂൽ

കോൺഗ്രസ്സും

രാജിയും

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടും പി വി അൻവറിന്റെ മുന്നണി പ്രവേശനത്തിന് തിടുക്കം വേണ്ടെന്ന് പറഞ്ഞ് യു.ഡി.എഫ് നേതൃത്വം ഇഴയുകയായിരുന്നു. അൻവറിനെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച്  കൃത്യമായ നിലപാട് എടുക്കാൻ യു.ഡി.എഫ് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. യു.ഡി.എഫ് പ്രവേശനത്തിൽ അനിശ്ചിതത്വം നിലനിൽക്കെ, പൊടുന്നനെയാണ് അൻവർ തൃണമൂലിലേക്ക്  പോയത്. യു.ഡി.ഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച അൻവർ നാടകീയമാണ് തൃണമൂൽ കോൺഗ്രസ്സിൽ അംഗത്വം നേടിയത്. അൻവറിന്റെ തൃണമൂൽ പ്രവേശം യു.ഡി.എഫിൽ ആശയക്കുഴപ്പത്തിന് വഴിമരുന്നായിട്ടുമുണ്ട്. അൻവറിന്റെ തൃണമൂൽ സാന്നിധ്യം നിലമ്പൂരിലടക്കം യു.ഡി.എഫിന് ദോഷം വരുത്തുമെന്ന വിലയിരുത്തൽ മലപ്പുറത്തെ കോൺഗ്രസ്സ് നേതാക്കൾക്കിടയിലുണ്ട്. അൻവറിനെ മുൻനിർത്തി മുഖ്യമന്ത്രിയ്ക്കും, സർക്കാറിനുമെതിരെ പടനയിക്കാനുള്ള യു.ഡി.എഫിന്റെ സാധ്യതയും ഇതോടെ അടയുകയാണ്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയിൽ അൻവർ അംഗത്വമെടുത്തേക്കുമെന്ന ശ്രുതിയുണ്ടായിരുന്നുവെങ്കിലും, അപ്രതീക്ഷിതമായ വാർത്തയായിരുന്നു അൻവർ തൃണമൂൽ കോൺസ്സിൽ ചേർന്നത്. നിയമസഭാ അംഗത്വം അയോഗ്യമാക്കാനുള്ള സാഹചര്യം ഒത്തുവരുന്നിതിനിടെ, സ്പീക്കർ എ.എൻ ഷംസീറിനെ സമീപിച്ച് അൻവർ എം.എൽ.എ രാജിക്കത്ത് സർപ്പിക്കുകയായിരുന്നു. അൻവർ മറ്റ് പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകുമെന്നതിനാലാണ് രാജിക്കത്ത് സമർപ്പിച്ചത്. എം.എൽ.എ സ്ഥാനം രാജി വെച്ചതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ്സ് സംസ്ഥാന കൺവീനറായി അൻവറിനെ നിയമിച്ച് കൊണ്ട് തൃണമൂൽ കോൺഗ്രസ്സ്  നേതൃത്വം വാർത്താക്കുറിപ്പും ഇറക്കി. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നേരത്തെ കളക്ടറായിരുന്ന ബംഗാൾ കേഡറിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായുള്ള സൗഹൃദമാണ് അൻവറിന് തൃണമൂൽ കോൺഗ്രസ്സിലേക്കുള്ള വഴിതുറന്നതെന്ന് പറയപ്പെടുന്നു. പശ്ചിമ ബംഗാളിൽ ഏപ്രിൽ മാസത്തിൽ ഒഴിവുവരുന്ന 5 രാജ്യസഭാ സീറ്റിൽ ഒന്നിൽ അൻവറിനെ പരിഗണിക്കാമെന്ന ഉറപ്പും തൃണമൂൽ കോൺഗ്രസ്സ് നേതൃത്വത്തിൽ നിന്ന് ലഭിച്ചതായും പറയുന്നുണ്ട്. ഏതായാലും അൻവറിന് ഒരു രാഷ്ടീയ പുനർജന്മമാകും ഇത്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അൻവർ അംഗത്വം സ്വീകരിച്ചതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നു. തൃണമൂലിന്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനമാണ് അൻവറിനുള്ളത്. മമതാ ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലി നടത്താനും അൻവറിന് പദ്ധതിയുണ്ടെന്നാണ് വിവരം.

രാഷ്ട്രീയത്തിലെ നിലപാട് ഇരുമ്പുലക്ക പോലെ നിൽക്കില്ല. അത് സാഹചര്യമനുസരിച്ച് മാറും. പിണറായി-ആർ.എസ്.എസ്- ബി.ജെ.പി അച്ചുതണ്ടാണ് നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്നത്. ഈ നാട്ടിലെ സാധാരണക്കാർക്ക് നീതി ലഭിക്കാത്തതും അതുകൊണ്ടാണ്. അക്കാര്യം യു.ഡി.എഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്നവനാണ് പൊതുപ്രവർത്തകൻ. അതാണ് താൻ ചെയ്യുന്നതും. അൻവർ വ്യക്തമാക്കുന്നു. തൃണമൂൽ കോൺഗ്രസ്സ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ നിർദ്ദേശ പ്രകാരം, പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്നാണ് അൻവർ പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്.

കേരളത്തിൽ സംഘടന വിപുലപ്പെടുത്തുക എന്ന വലിയ ദൗത്യമാണ് അൻവറിനുള്ളത്. യു.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് അൻവറിന്റെ തീരുമാനം. മമതാ ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലി നടത്താനും അൻവറിന് പദ്ധതിയുണ്ട്. താൻ യു.ഡി.എഫിൽ എത്തിക്കഴിഞ്ഞാൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കുമെന്ന് എൽ.ഡി.എഫി നും മുഖ്യമന്ത്രിയ്ക്കും നന്നായിട്ടറിയാമെന്നും, പിണറായി വിജയനും, അജിത്കുമാറിനുമെതിരെ ഏതാനും ഡോക്ക്യുമെന്റുകൾ തന്റെ കയ്യിലുണ്ട്. സമയമാകുമ്പോൾ അത് പുറത്ത് വിടുമെന്നും അതിനാലാണ് തന്നെ ഒതുക്കാൻ ശ്രമിക്കുന്നതെന്നും അൻവർ വ്യക്തമാക്കിയിരുന്നു.  ഇനിയൊരിക്കലും സി.പി.എം അധികാരത്തിൽ വരാതിക്കാനുള്ള പ്രവർത്തനങ്ങളാണ് ആർ.എസ്.എസ് നേതൃത്വം പിണറായിയെ ഏൽപ്പിച്ചിരിക്കുന്നത്. അതാണിപ്പോൾ നടക്കുന്നതെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

സി.പി.എം പറയുന്നത്

വാചകക്കസർത്ത് കൊണ്ട് കേരള രാഷ്ട്രീയം കൈകാര്യം ചെയ്യാൻ സാധിക്കില്ല. കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ. അതിനിടയിൽ പിടിച്ചു നിന്ന് പോകാൻ സാധിക്കുന്ന ഒരു സാഹചര്യവും കേരളത്തിലില്ല. പി വി അൻവറിന്റേത് അറുപിന്തിരിപ്പൻ നയങ്ങളാണ്. സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. അൻവർ രാജിവെച്ചത് കൊണ്ട് നിലമ്പൂരിൽ ഒരു ചലനവും ഉണ്ടാക്കില്ലെന്നും, അൻവർ ആവശ്യത്തിന് പാഠം പഠിച്ചു എന്നതല്ലാതെ ഒന്നും സംഭവിച്ചിട്ടില്ലെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനിൽ പറഞ്ഞു. അൻവറിന് അനുകൂലമായ ഒരു സാഹചര്യവും നിലമ്പൂരിലില്ല. ഒരാളെപ്പോലും പാർട്ടിയിൽ നിന്ന് കൂടെ കൂട്ടാൻ അൻവറിന് കഴിഞ്ഞിട്ടില്ല. പലതവണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇടതുപക്ഷ മുന്നണിയെ സംബന്ധിച്ചിടത്തോളം ഒരുതരത്തിലുള്ള തിരിച്ചടിയും ഉണ്ടായിട്ടില്ലെന്നും വി.പി അനിൽ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി ഉചിതമായ തീരുമാനം എടുക്കും. ഉചിതമായ ഒരു സ്ഥാനാർത്ഥി അവിടെ ഉണ്ടായിരിക്കുമെന്നും വി.പി അനിൽ വ്യക്തമാക്കി. നിലമ്പൂരിൽ എൽ.ഡി.എഫ് മുന്നണിയെ സംബന്ധിച്ച് സ്ഥാനാർത്ഥി നിർണ്ണയം വലിയ വെല്ലുവിളി തന്നെയാണ്. ഇത്തവണയും നിലമ്പൂരിൽ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയെയാണ് പരിഗണിയ്ക്കുക എന്നറിയുന്നു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img