
ദോഹ: വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ (Heat Stress) കുറിച്ച് അവബോധം വളർത്തുന്നതിനുമായി 'വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്' പുതിയ കാമ്പെയ്ന് തുടക്കം കുറിച്ചു. 'ഹീറ്റ് സ്ട്രെസ് 2026' എന്ന് പേരിട്ടിരിക്കുന്ന കാമ്പെയ്ൻ വിവിധ സർക്കാർ ഏജൻസികൾ, പ്രമുഖ സംഘടനകൾ, സ്വകാര്യ മേഖലയിലെ പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഇന്നലെ ഔദ്യോഗികമായി ആരംഭിച്ചത്.
തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുക, കടുത്ത വേനലിൽ നേരിടുന്ന വെല്ലുവിളികളെയും അതിൽ നിന്ന് സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുക എന്നിവയാണ് ഈ ദേശീയ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കാമ്പെയ്ന്റെ ഉദ്ഘാടന ചടങ്ങിൽ 'ഹീറ്റ് സ്ട്രെസ് കാമ്പെയ്ൻ 2026' അംബാസഡർമാരെ പ്രഖ്യാപിച്ചു. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർക്കിടയിലും തൊഴിലാളികൾക്കിടയിലും തൊഴിൽ സുരക്ഷയെയും ആരോഗ്യ സംരക്ഷണത്തെയും കുറിച്ചുള്ള സന്ദേശങ്ങൾ എത്തിക്കാൻ ഈ അംബാസഡർമാർ നേതൃത്വം നൽകും. ചൂടുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ വൈവിധ്യമാർന്ന പരിപാടികളും കമ്മ്യൂണിറ്റി സംരംഭങ്ങളും കാമ്പെയ്ന്റെ ഭാഗമായി വരും ദിവസങ്ങളിൽ നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.










