06:17am 22 April 2025
NEWS
കുഞ്ഞുങ്ങളുടെ ആസന്നമരണ നിലവിളികൾ: ഗസയിലെ ഹൃദയഭേദകമായ കാഴ്ചകൾ
13/03/2025  12:42 AM IST
ആർ. പവിത്രൻ
കുഞ്ഞുങ്ങളുടെ ആസന്നമരണ നിലവിളികൾ: ഗസയിലെ ഹൃദയഭേദകമായ കാഴ്ചകൾ

അഫ്ഗാനിസ്ഥാനിലെ സദാ പ്രശ്‌നകലുഷിതമായ ഗസയെക്കുറിച്ച്, കമ്മ്യൂണിറ്റി ട്രെയിനിംഗ് സെന്റർ ഫോർ ക്രൈസിസ് മാനേജ്‌മെന്റ് എന്ന സംഘടന ഈയിടെ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലോകമനഃസാക്ഷിയെ ഉലച്ചിരിക്കുകയാണ്. 'നീഡ്‌സ് സ്റ്റഡി: ഇംപാക്ട് ഓഫ് വാർ ഇൻ ഗസ ഒൺ ചിൽഡ്രൻ വിത്ത് വൾനറബിലിറ്റീസ് ആന്റ് ഫാമിലീസ്' എന്ന ആ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നടുക്കം കൊള്ളിക്കുന്ന തരത്തിലുള്ളതാണ്. ഗസയിലെ 96 ശതമാനം കുരുന്നുകളും മരണം ആസന്നമായ അവസ്ഥയിലാണ്; തങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെടുമെന്ന് ആ കുഞ്ഞുങ്ങൾ സ്വയം വിശ്വസിക്കുന്നുവെന്ന് 49 ശതമാനം പരിചാരകരും വെളിപ്പെടുത്തുന്നു; 87 ശതമാനം കുഞ്ഞുങ്ങളും തീവ്രമായ മരണഭയമുള്ളവരാണ്; 79 ശതമാനം കുഞ്ഞുങ്ങൾ സദാ പേക്കിനാവുകൾ കാണുന്നു; 38 ശതമാനം കുരുന്നുകൾ കിടക്കയിൽ മൂത്രമൊഴിക്കുന്നു എന്നിവയാണ് ആ പഠനത്തിലെ ചില കണ്ടെത്തലുകൾ.

അഫ്ഗാനിസ്ഥാനിലെ കുഞ്ഞുങ്ങൾ നേരിടുന്ന പരിതാപകരമായ അവസ്ഥയെക്കുറിച്ച് അയർലൻഡ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് ഡോക്ടർമാർ ചേർന്നെഴുതിയ ഒരു തുറന്ന കത്ത് 2022 മാർച്ചിൽ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ ഓരോ കുഞ്ഞും ജനിക്കുന്നതും വളരുന്നതും യുദ്ധത്തിന് നടുവിലാണെന്നും, സദാ മിസൈൽ- ബോംബ്‌സ്‌ഫോടനങ്ങൾക്കിടയിൽ വളരുന്ന അവർ സമാധാനം എന്തെന്ന് അനുഭവിച്ചിട്ടില്ലാത്തവരാണെന്നും ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാനിലെ കുഞ്ഞുങ്ങളിലും കൗമാരക്കാരിലും സൈക്കോതെറാപ്പിക് ഇടപെടലുകൾ അത്യന്താപേക്ഷിതമാണെന്നും, ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ഏകീകൃത സുരക്ഷാപദ്ധതി നടപ്പിലാക്കണമെന്നും അവർ നിർദ്ദേശിച്ചു. നിർഭാഗ്യവശാൽ അഫ്ഗാനിസ്ഥാനിൽ, വിശേഷിച്ച് ഗസയിൽ ഈ റിപ്പോർട്ട് ചർച്ച ചെയ്യപ്പെട്ടില്ല. അതേസമയം പുറംലോകത്ത് വലിയ ചർച്ചകൾക്കിട വരുത്തിയിരിക്കുകയുമാണ്.

ആയുധവ്യാപാരികളെക്കുറിച്ച് (അൃാ െങലൃരവമിെേ) ഈ റിപ്പോർട്ടിൽ നടത്തിയിരിക്കുന്ന പരാമർശം ശ്രദ്ധേയമാണ്. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(ടകജഞക) പ്രസിദ്ധീകരിച്ച ഫാക്ട് ഷീറ്റിൽ പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ 100 ആയുധ നിർമ്മാണ-സൈനിക സേവന കമ്പനികളുടെ ആയുധ വരുമാനം 2015 നും 2023 നുമിടയിൽ 40 ശതമാനത്തിലധികം വർദ്ധിച്ചിരിക്കുന്നു എന്നാണ്. ഈ വരുമാനത്തിൽ മൂന്നിലൊന്നിലധികം എത്തിച്ചേരുന്നത് അമേരിക്ക ആസ്ഥാനമായുള്ള അഞ്ച് കമ്പനികളിലേക്കാണ്. ഇവരെ 'മരണവ്യാപാരികൾ' (ഉലമവേ ങലൃരവമിെേ) എന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്. യുദ്ധവെറിയന്മാരും ആയുധവ്യപാരികളും കോടിക്കോടികൾ സമ്പാദിക്കുമ്പോൾ, യുദ്ധമേഖലകളിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്ക് ഒന്നും കിട്ടുന്നില്ല. അവരുടെ ജീവിതാവസ്ഥ പരിതാപകരമാണ്.

റിപ്പോർട്ടിൽ പറയുന്ന ഗസയിൽ ഇസ്രയേൽ നടത്തിയ രണ്ട് ബോംബാക്രമണങ്ങൾ ഉള്ളുലയ്ക്കുന്നതാണ്. 2014 ന് രാത്രി പതിന്നൊരയ്ക്ക് ഇസ്രയേൽ തൊടുത്തുവിട്ട മിസൈൽ മെഡിറ്ററേനിയൻ സമുദ്രതീരത്തെ ഖാൻ യുനിസ്സിലെ ഫൺടൈം ബീച്ച് കഫെ ഇടിച്ചുതകർത്തു. 2014 ലെ ഫിഫ വേൾഡ് കപ്പിൽ അർജന്റീനയും നെതർലൻഡ്‌സും തമ്മിലുള്ള സെമിഫൈനൽ മത്സരത്തിന്റെ തൽസമയ സംപ്രേഷണം വലിയ സ്‌ക്രീനിൽ കാണുന്നതിനായി നൂറുകണക്കിനാളുകൾ അവിടെ തടിച്ചുകൂടിയിരുന്നു. അവിടേക്ക് ഇസ്രയേൽ അയച്ച മിസൈലിൽ ഒൻപത് യുവാക്കൾ അതിദാരുണമാംവിധം കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്ക് പറ്റി.

മൂന്നുദിവസങ്ങൾക്കുശേഷം ഇതിന്റെ പുനരാവർത്തനമുണ്ടായി. ബീച്ചിൽ കുറേ ആൺകുട്ടികൾ ഫുട്‌ബോൾ കളിക്കുകയായിരുന്നു. തീരത്തുനിന്ന് അധികം അകലെയല്ലാതെ നങ്കൂരമിട്ടിരുന്ന ഇസ്രയേലി നാവികക്കപ്പൽ ആദ്യം സമീപത്തുള്ള ജട്ടിക്ക് നേരെ മിസൈൽ ഉതിർത്തു. കുട്ടികൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ അവർക്ക് നേരെ ആക്രമണം നടത്തി. നാല് കുട്ടികൾ അതിദയനീയമായി കൊല്ലപ്പെട്ടു. അൻപതിലധികം പേർക്ക് മാരകമായി പരിക്കേറ്റു.

2014 ൽ ഗസയ്ക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 150-ലധികം കുട്ടികൾ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇസ്രയേലി ടെലിവിഷനിൽ ഈ കുഞ്ഞുങ്ങളുടെ പേരുകൾ സംപ്രേഷണം ചെയ്യുന്നതിനായി മനുഷ്യാവകാശ സംഘടനയായ ബി- സെലം (ആ'ഠലെഹലാ) ശ്രമിച്ചപ്പോൾ ഇസ്രയേൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി അത് നിരസിച്ചു.

2023 ഒക്‌ടോബർ മുതൽ 2024 ആഗസ്റ്റ് വരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ പേരുകൾ 2024 സെപ്തംബറിൽ പലസ്തീൻ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിക്കുകയുണ്ടായി. ആ പട്ടികയിൽ 710 നവജാതശിശുക്കളാണ് ഉണ്ടായിരുന്നത്. ആ കുഞ്ഞുങ്ങളുടെ വയസ്സ് പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇക്കൂട്ടത്തിൽ ഒരു സംഭവം മനുഷ്യസ്‌നേഹികളെ ഏറെ വേദനിപ്പിച്ചു. 2024 ആഗസ്റ്റ് 13 ന് മദ്ധ്യഗസയുടെ സുരക്ഷിതമേഖലയ്ക്കുള്ളിലുള്ള ദെയ്ർ- അൽബലായിലെ തന്റെ അപ്പാർട്ടുമെന്റിൽ നിന്ന് മൊഹമ്മദ് അബു അൽഖ റുംസാൽ  എന്നയാൾ മൂന്നുദിവസം മുൻപ് ജനിച്ച തന്റെ ഇരട്ടക്കുട്ടികളായ അയ്‌സലിന്റെയും അസ്സറിന്റെയും പേരുകൾ ജനന-മരണ ഓഫീസിൽ രജിസ്റ്റർ ചെയ്യുന്നതിനായി പോയി. ഫാർമസിസ്റ്റായ ഭാര്യ ഡോ. ജൂമാന അൽഫാനയെ(29) കുഞ്ഞുങ്ങളെ ഏൽപ്പിച്ചിട്ടാണ് അയാൾ പോയത്. തിരിച്ചുവന്നപ്പോൾ അയാൾ കണ്ടത്, ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്നുതരിപ്പണമായ വീടിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ ഛിന്നഭിന്നമായ ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും ശരീരശേഷിപ്പുകളായിരുന്നു.

ഏത് രാജ്യത്തും യുദ്ധത്തിലും ആഭ്യന്തര കലാപത്തിലും സംഭവിക്കുന്ന ദുരിതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയും കുഞ്ഞുങ്ങളെയുമായിരിക്കും. ചെറുക്കാനോ, പ്രതിരോധിക്കാനോ ശേഷിയില്ലാത്തതുകൊണ്ട് കുഞ്ഞുങ്ങളായിരിക്കും ഏറ്റവും കൂടുതൽ ഇരകളായിത്തീരുക. ആഭ്യന്തരമായ അന്തഃച്ഛിദ്രം കൊണ്ട് താറുമാറായ, ലോകത്തിലെ ഏറ്റവും ഭീകരമായ പട്ടിണി രാജ്യമായ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സുഡാൻ ഇതിനുദാഹരണമാണ്. ആയുധ കച്ചവട ലോബിയുടേയും വിദേശകമ്പനികളുടേയും പിൻബലത്തോടെ സുഡാനീസ് ആംഡ് ഫോഴ്‌സും, അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അവകാശങ്ങൾക്കായുള്ള യു.എൻ. ശിശുസമിതി 2024 ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന ചില വസ്തുതകൾ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. സുഡാനിൽ 24 ദശലക്ഷം കുട്ടികൾ, അതായത് മൊത്തം ജനസംഖ്യയായ 50 ദശലക്ഷത്തിന്റെ പകുതിയോളം വരുന്ന കുഞ്ഞുങ്ങൾ, ഒരു മഹാവിപത്തിന്റെ(തലമുറകളെ ബാധിക്കുന്ന വിപത്ത് എന്നാണ് യു.എൻ സമിതി ഉപയോഗിച്ചിരിക്കുന്ന വാക്ക്) വക്കിലാണ്; 19 ദശലക്ഷം കുഞ്ഞുങ്ങൾ സ്‌ക്കൂളിൽ പോകുന്നില്ല; 4 ദശലക്ഷം കുഞ്ഞുങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടു; 3.7 ദശലക്ഷം കുഞ്ഞുങ്ങൾ അതിതീവ്രമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു തുടങ്ങിയവയാണ് ആ കണ്ടെത്തലുകൾ. 'തലമുറകളെ ബാധിക്കുന്ന മഹാവിപത്ത്' എന്ന വാക്ക് കോവിഡ് 19 കാലത്തെ ലോക്ക്ഡൗണുകൾ മൂലം കുട്ടികൾ നേരിട്ട മാനസികാഘാതത്തേയും തിരിച്ചടികളേയും, ദുരിതങ്ങളേയും വിവരിക്കുന്നതിനുവേണ്ടി യു.എൻ സഭയാണ് ആദ്യം ഉപയോഗിച്ചത്. യുദ്ധം അടിച്ചേൽപ്പിച്ച കൊടും യാതനകളിൽ നിന്നും സുഡാനിലെ നിരപരാധികളായ കുഞ്ഞുങ്ങൾ രക്ഷപ്പെടുന്നില്ലെന്നും, ആ രാജ്യത്ത് സാധാരണ നിലയ്ക്ക് സമാനമായ അവസ്ഥ ഉണ്ടാവുന്നതിന് തലമുറകളെടുക്കുമെന്നും യു.എൻ. സമിതി ആശങ്കപ്പെടുന്നു. 2017 ൽ നടന്ന ഒരു ശാസ്ത്രീയ പഠനത്തിലെ ചില വസ്തുതകൾ സമിതി ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്. ആഴത്തിലുള്ള ബാല്യകാല ആഘാതങ്ങൾ കുഞ്ഞുങ്ങളിൽ ശാരീരികവും മാനസ്സികവുമായ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും, ഇത്തരം ആഘാതങ്ങൾ കുട്ടികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന നാഡീവ്യൂഹത്തെ വ്യതിചലിപ്പിക്കും. ദശകങ്ങൾ പിന്നിട്ടാലും അമിതമായ ഉൽക്കണ്ഠയും അമിതമായ ജാഗ്രതയും പുലർത്തുന്നവരായി അതവരെ മാറ്റും. ഈ ആന്തരികസംഘർഷം ഏതോ വിപത്ത് സംഭവിക്കാൻ പോകുന്നുവെന്ന ആകുലത, ഒരു ബ്രെയിൻ മെക്കാനിസമായി അവരിൽ രൂപപ്പെടും. മുൻകാല യുദ്ധങ്ങളുടെ കാലത്ത് ജീവിച്ച കുഞ്ഞുങ്ങൾക്ക് പിന്നീട് ക്രമാതീതമായ തോതിൽ ഹൃദ്രോഹം, കാൻസർ, ചിത്തഭ്രമം തുടങ്ങിയ രോഗങ്ങൾ പിടിപെട്ടത് ഉദാഹരണങ്ങളായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

(9847381199)

അനുബന്ധം : അയർലന്റിലെ യുവദമ്പതിമാർക്ക് രണ്ടു ആൺമക്കളാണ് ഉണ്ടായിരുന്നത്. കുഞ്ഞുങ്ങൾക്ക് കാഴ്ചത്തകരാറ് നേരിട്ടപ്പോൾ അവർ ഡോക്ടറെ കാണിച്ചു. വിശദമായ  പരിശോധനയിൽ ഡോക്ടർ കണ്ടെത്തി; കുട്ടികളുടെ കാഴ്ച ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത വിധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്രത്തിന് അതിനു പരിഹാരമില്ല. ഒരു കാര്യം ചെയ്യുക. കുട്ടികളെ പരമാവധി സ്ഥലങ്ങൾ കൊണ്ടുപോയി കാണിക്കുക. അതിലൂടെ കിട്ടുന്ന 'കാഴ്ചശേഖരം' പിൽക്കാലത്തു അവരുടെ ഓർമ്മയിൽ ദൃശ്യങ്ങളായി നിലിനിൽക്കും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img