04:48am 22 October 2026
NEWS
വനമേഖലയിലെ കുരുന്നുകൾക്ക് ഇനി പോഷകാമൃതം കാടുകയറി ഹെൽത്ത് ടീം ഊരുകളിൽ പുത്തൻ പ്രതീക്ഷ
21/10/2026  09:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വനമേഖലയിലെ കുരുന്നുകൾക്ക് ഇനി പോഷകാമൃതം കാടുകയറി ഹെൽത്ത് ടീം ഊരുകളിൽ പുത്തൻ പ്രതീക്ഷ
HIGHLIGHTS

കുട്ടമ്പുഴ തേരക്കുടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പോഷകാമൃതം പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ നിർവഹിക്കുന്നു

കാടിന്റെ മക്കളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ എറണാകുളം ജില്ലാ പഞ്ചായത്ത്. ആദിവാസി ഊരുകളിലെ കുരുന്നുകളുടെ പോഷകാഹാരക്കുറവും വിളർച്ചയും പരിഹരിച്ച് അവരുടെ വിദ്യാഭ്യാസ-ആരോഗ്യ പുരോഗതി ലക്ഷ്യമിടുന്ന 'പോഷകാമൃതം' പദ്ധതിക്ക് എറണാകുളത്ത് തുടക്കമായി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ തേര ഉന്നതിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
കാടിന്റെ കാവലാളുകളായ തദ്ദേശീയ വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും പട്ടികവർഗ്ഗ മേഖലകളിലെ പദ്ധതി തുക കൃത്യമായി ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് എറണാകുളം ജില്ലാ പഞ്ചായത്ത് 2026–27 സാമ്പത്തിക വർഷത്തെ തനത് ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപ വകയിരുത്തി പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

ആരോഗ്യമുള്ള നാളേക്ക് അടിയന്തര ഇടപെടൽ

കുട്ടമ്പുഴ, വേങ്ങൂർ ഗ്രാമപഞ്ചായത്തുകളിലെ 15 ആദിവാസി സങ്കേതങ്ങളിലായി പരന്നുകിടക്കുന്ന മുന്നൂറോളം കുട്ടികൾക്കാണ് പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിൽ നേരിട്ട് പ്രയോജനം ലഭിക്കുക. 12 വയസ്സ് വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മുൻകൂട്ടി കണ്ടെത്തി പരിഹരിക്കുന്നതിനാണ് പദ്ധതി പ്രധാന ഊന്നൽ കൊടുക്കുന്നത്.

മെഡിക്കൽ പരിശോധനകൾക്കായി പ്രത്യേകം സജ്ജമാക്കിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് നേരിട്ട് ഊരുകളിലേക്ക് എത്തും. ഡോ. മേഖലുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്. പരിശോധനയിലൂടെ പോഷകാഹാരക്കുറവ് കണ്ടെത്തുന്ന കുട്ടികൾക്ക് ആവശ്യമായ വൈറ്റമിൻ സപ്ലിമെന്റുകളും മറ്റ് വൈദ്യസഹായങ്ങളും ഉടനടി ലഭ്യമാക്കും.

കുരുന്നുകൾക്ക് അമൃതമായി ഫുഡ് കിറ്റ്

ആരോഗ്യ പരിശോധനകൾക്ക് പുറമേ, കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാൻ പ്രത്യേക ഫുഡ് കിറ്റുകളും മാസംതോറും വീട്ടിലെത്തിക്കും. മാവേലി സ്റ്റോറുകൾക്കും ത്രിവേണി സൂപ്പർമാർക്കറ്റുകൾക്കും ചുമതല നൽകി നടപ്പിലാക്കുന്ന കിറ്റിൽ ഉണക്കമുന്തിരി, ബദാം, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ പോഷകസമ്പന്നമായ ഭക്ഷ്യവസ്തുക്കളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഊരുകളിലെ വരുംതലമുറയെ ആരോഗ്യവും പ്രാപ്തിയുമുള്ളവരായി വളർത്തിയെടുക്കാനുള്ള ഈ അടിയന്തര ഇടപെടൽ വനമേഖലയിൽ വലിയ പ്രതീക്ഷയ്ക്കാണ് വഴിതുറക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റസിയ റഹ്‌മത്, ശ്രീദേവി മധു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മാർട്ടിൻ, സൗമ്യ ശശി, വിവേക് ഹരിദാസ് , സുജിത് പോൾ, പി എം നാദിർഷ, ബിന്ദു ജോർജ്, അനിത തോമസ്, മേരി വിൻസൻ്റ് , ജി ബിനീഷ, ടി എസ് സുമയ്യ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img