06:39am 13 November 2026
NEWS
കെഎസ്‌യു പ്രതിഷേധം അക്രമാസക്തമായി; ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്
25/02/2026  05:47 PM IST
nila
കെഎസ്‌യു പ്രതിഷേധം അക്രമാസക്തമായി; ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്

കണ്ണൂരിൽ കെഎസ്‌യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ വീണാ ജോർജ്ജിന് പരിക്കേറ്റു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റത്. മന്ത്രിയെ ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രതിഷേധം നടന്നത്. മന്ത്രിക്കൊപ്പം സ്പീക്കർ എ എൻ ഷംസീറും ഉണ്ടായിരുന്നു.

കയ്യേറ്റം നടന്നുവെന്ന് വ്യക്തം: ഷംസീർ

മന്ത്രിക്ക് ഗുരുതര പരിക്കുകളുണ്ടായതായും അനങ്ങാൻ പോലും കഴിയാത്ത നിലയിലായിരുന്നെന്നും ഷംസീർ പറഞ്ഞു. ഒരു വനിതാ മന്ത്രിയെ ജനാധിപത്യ സമൂഹത്തിൽ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത്തരം സമരരീതികളിൽ നിന്ന് യുഡിഎഫ് നേതൃത്വം സമരക്കാരെ പിന്തിരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിങ്കൊടി കാണിക്കുന്നത് പ്രതിഷേധത്തിന്റെ ഭാഗമായേക്കാമെങ്കിലും, തെരുവിൽ ഇറങ്ങി കൈയ്യേറ്റം നടത്തുന്നത് ശരിയല്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു.

ആക്രമണശ്രമം: ഡിവൈഎഫ്ഐ

ആരോഗ്യമന്ത്രിയെ കായികമായി ആക്രമിക്കാൻ കെഎസ്‌യു ശ്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് രംഗത്തെത്തി. വി ഡി സതീശന്റെ നിർദേശപ്രകാരം സംസ്ഥാനത്ത് അക്രമം സംഘടിപ്പിക്കുകയാണെന്നും വസീഫ് ആരോപിച്ചു. കെഎസ്‌യുവിനോടും യൂത്ത് കോൺഗ്രസിനോടും സമരങ്ങൾ അതിരുവിടരുതെന്ന് നേരത്തെ അഭ്യർത്ഥിച്ചിരുന്നുവെന്നും, ഇപ്പോൾ ബോധപൂർവ്വം ആരോഗ്യമന്ത്രിയെ ലക്ഷ്യമിടുന്ന സാഹചര്യമാണുണ്ടായതെന്നും വസീഫ് പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധങ്ങളിലേക്കും സംസ്ഥാനവ്യാപക പ്രക്ഷോഭങ്ങളിലേക്കും കടക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

ആരോഗ്യമേഖലയിൽ ഉയർന്നുവരുന്ന ചികിത്സാപിഴവ് ആരോപണങ്ങളാണ് കെഎസ്‌യു പ്രതിഷേധത്തിന് കാരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img