
നാഷണൽ ഹെൽത്ത് ജേർണലിസം സമ്മിറ്റ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. എം ഷജിൽ കുമാർ, ബെന്നി ബഹനാൻ എം പി, ആർ ഗോപകുമാർ, ഹൈബി ഈഡൻ എം പി , ഡോ.എസ് കെ അബ്ദുള്ള, ഡോ. നളന്ദ ജയകുമാർ, ഡോ. ജുനൈദ് റഹ്മാൻ എന്നിവർ സമീപം
കൊച്ചി : ആരോഗ്യ രംഗത്തെ വിവരങ്ങൾ സാധാരണ ജനങ്ങൾക്ക് ലളിതമായി മനസ്സിലാക്കാൻ സാധിക്കുന്നത്, മാധ്യമങ്ങളിലൂടെയാണെന്നും, പൊതുജനങ്ങൾക്കും, വൈദ്യശാസ്ത്ര സമൂഹത്തിനും ഇടയിലുള്ള അന്തരം നികത്തുന്നത്, ഹെൽത്ത് ജേർണലിസമാണെന്നും, ഹൈക്കോടതി ജഡ്‌ജി, ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ. കൊച്ചി ഐഎംഎ ഹൗസിൽ, 'മെഡി മീഡിയ' ദേശീയ ഹെൽത്ത് ജേർണലിസം സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്റ്റർ മെഡ്‌സിറ്റി, എറണാകുളം പ്രസ്സ് ക്ലബ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ചാപ്റ്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് 'മെഡി മീഡിയ' എന്ന പേരിൽ ആരോഗ്യ മാധ്യമപ്രവർത്തകരുടെ ദ്വിദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ഹെൽത്ത് ജേർണലിസത്തിന്റെ പ്രസക്തി കൊവിഡ് മഹാമാരിക്ക് ശേഷം കൂടുതൽ വർധിച്ചതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്ത്, മാതൃകാപരമായ മാധ്യമ പ്രവർത്തനമാണ് കേരളം കണ്ടത്. ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവർത്തനം എന്തെന്ന് മഹാമാരിക്കാലം നമുക്ക് കാണിച്ചു തന്നതായും, അതിന് അവർ പ്രശംസ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് വിവരാധിക്യം ഒരു പ്രധാന വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, മാധ്യമങ്ങൾക്ക് അവർ നൽകുന്ന വാർത്തകളുടെ മേലുള്ള ഉത്തരവാദിത്തത്തെയും പ്രത്യേകം എടുത്തുകാട്ടി.
ആരോഗ്യ, നിയമ, മാധ്യമ മേഖലകളിലെ വിദഗ്ദ്ധരെ ഒരുമിപ്പിച്ച്, ആരോഗ്യ സംരക്ഷണ രംഗത്ത് വർദ്ധിച്ചു വരുന്ന താല്പര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുകയും, അതിനെ പരിപോഷിപ്പിക്കുകയുമാണ്, നാഷണൽ ഹെൽത്ത് ജേർണലിസം സമ്മിറ്റിന്റെ ലക്ഷ്യമെന്ന്, ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ. ഡോ. നളന്ദ ജയദേവ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം മാധ്യമപ്രവർത്തകരാണ്, ആരോഗ്യരംഗത്തെ നിർണായകമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും, ഉത്തരവാദിത്വമുള്ള ഹെൽത്ത് റിപ്പോർട്ടിംഗ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി നടക്കുന്ന, രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ, 'പ്രിസ്ക്രൈബിങ് ദി റൈറ്റ് ഡോസേജ്'', 'സെക്കൻഡ് വിക്‌ടിം', 'നാവിഗേറ്റിങ് ഗ്രേ സോൺസ്' തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയിലെ ആരോഗ്യ, നിയമ, മാധ്യമ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ചർച്ചകളിൽ പങ്കെടുത്തു.
ഇന്ന് രാവിലെ 7 മണിക്ക്, അബ്ദുൽ കലാം മാർഗിൽ നിന്ന് ആരംഭിക്കുന്ന "ഹെൽത്തി സ്റ്റെപ്പ്സ് അറ്റ് മറൈൻ ഡ്രൈവ്" എന്ന പേരിലുള്ള പ്രഭാത നടത്ത പരിപാടിയിൽ, സമ്മേളന പ്രതിനിധികൾ നഗരത്തിലെ പ്രമുഖ വ്യക്തികളോടൊപ്പം പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമാപനച്ചടങ്ങ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ എം. അനിൽ കുമാർ മുഖ്യാതിഥിയായിരിക്കും.
കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, എറണാകുളം എം.പി. ഹൈബി ഈഡൻ, ചാലക്കുടി എം.പി. ബെന്നി ബെഹനാൻ, ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് കെ. പി. റെജി, എറണാകുളം പ്രസ്സ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, പ്രസ്സ് ക്ലബ് സെക്രട്ടറി എം. ഷജിൽ കുമാർ, ലേക്ക്‌ഷോർ ആശുപത്രി എം.ഡി. എസ്. കെ. അബ്ദുള്ള, ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി മെഡിക്കൽ ഡയറക്ടർ, ഡോ. ജൂനൈദ് റഹ്മാൻ, തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു.
Photo Courtesy - Google








