
കണ്ണൂർ: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി ഗ്രാമ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട് സ്വദേശി ദീപ ലേഖ (51) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനായി ഓഫീസിലെത്തിയപ്പോഴാണ് ദീപ ലേഖ കുഴഞ്ഞുവീണത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ദീപ ലേഖയെ ചൊക്ലി പഞ്ചായത്തിൽ നിന്ന് പിണറായി ഗ്രാമ പഞ്ചായത്തിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. പുതിയ ഓഫീസിലേക്കുള്ള ദൂരം കൂടുതലാണെന്ന ആശങ്ക ദീപ സഹപ്രവർത്തകരോട് പങ്കുവച്ചിരുന്നതായാണ് വിവരം.
നേരത്തെ ദീപയെ മട്ടന്നൂർ നഗരസഭയിലേക്കായിരുന്നു സ്ഥലംമാറ്റിയത്. ഏകദേശം 15 ദിവസം മുൻപ് ഇറങ്ങിയ ഈ ഉത്തരവ് പിന്നീട് തിരുത്തി, താരതമ്യേന അടുത്തുള്ള പിണറായി ഗ്രാമ പഞ്ചായത്തിലേക്ക് നിയമനം മാറ്റുകയായിരുന്നു.










